Wild Mushroom Poisoning Death: അത്താഴത്തിന് കഴിച്ചത് കാട്ടു കൂൺ; പിന്നാലെ ദമ്പതികൾ മരിച്ചു
Couple Dies After Eating Wild Mushrooms: ഓഗസ്റ്റ് 12നാണ് മഹാവീർ സിംഗ് അടുത്തുള്ള ഒരു കാട്ടിൽ നിന്നും കൂൺ കൊണ്ടുവന്നത്. അന്ന് രാത്രി തന്നെ ഇരുവരും ചേർന്ന് അത് പാകം ചെയ്ത് കഴിക്കുകയും ചെയ്തു. എന്നാൽ, അത്താഴത്തിന് തൊട്ടുപിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളാവുകയായിരുന്നു.
ഉത്തരാഖണ്ഡ്: അത്താഴത്തിന് കാട്ടു കൂൺ കഴിച്ച വൃദ്ധ ദമ്പതികൾ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ശ്രീകോട്ട് ഗ്രാമത്തിലാണ് സംഭവം. മഹാവീർ സിംഗ് (70), സരോജിനി ദേവി എന്നീ ദമ്പതികളാണ് കാട്ടു കൂൺ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ഓഗസ്റ്റ് 12നാണ് മഹാവീർ സിംഗ് അടുത്തുള്ള ഒരു കാട്ടിൽ നിന്നും കൂൺ കൊണ്ടുവന്നത്. അന്ന് രാത്രി തന്നെ ഇരുവരും ചേർന്ന് അത് പാകം ചെയ്ത് കഴിക്കുകയും ചെയ്തു. എന്നാൽ, അത്താഴത്തിന് തൊട്ടുപിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളാവുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് സരോജിനി ദേവി മരിച്ചത്. മഹാവീർ സിംഗിനെ ആദ്യം അൽമോറ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ മഹന്ത് ഇന്ദ്രേഷ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച (ഓഗസ്റ്റ് 14) ആണ് മഹാവീർ സിങ് മരിച്ചത്. ഇതോടെ, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ALSO READ: ഭാര്യ ഉപേക്ഷിച്ചുപോയി; മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
കാടുകളിലും വയലുകളിലും നനഞ്ഞ പ്രദേശങ്ങളിലും മറ്റും വളരുന്ന വ്യത്യസ്ത തരം കൂണുകളുണ്ട്. ഇവയെല്ലാം ഭക്ഷ്യയോഗ്യമല്ല. ചിലത് വളരെ വിഷാംശമുള്ളവയാണ്. ഇവ കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. ഇത്തരം വിഷ കൂണുകൾ കഴിച്ചാൽ അധികം താമസിയാതെ തന്നെ ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ചില സന്ദർഭങ്ങളിൽ മരണം വരെ സംഭവിക്കാം. അതുകൊണ്ടാണ്, ഇതിനെ കുറിച്ച് യാതൊരു അറിവുമില്ലാതെ കാട്ടിൽ നിന്ന് ശേഖരിക്കുന്ന കൂണുകളെല്ലാം കഴിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.