Delhi Air Pollution: ഡൽഹി വായു മലീനീകരണം: സർക്കാർ ഓഫീസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
Delhi Air Pollution Latest Update: മുൻസിപ്പൽ കോർപ്പറേഷനുകളുടെ നിലവിലത്തെ സമയം രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5.30 വരെയാണ്. എന്നാൽ പുതുക്കിയ സമയക്രമം നിലവിൽ വരുന്നതോടെ നവംബർ 15 മുതൽ ഇത് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും.

Delhi Air Pollution
ന്യൂഡൽഹി: വായു മലീനീകരണം രൂക്ഷമായ (Delhi Air Pollution) സാഹചര്യത്തിൽ ഡൽഹി സർക്കാരിന്റെ കീഴിലുള്ള സർക്കാർ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയങ്ങളിലും ക്രമീകരണം വരുത്തി ഉത്തരവായി. പുതുക്കിയ സമയക്രമം നവംബർ 15 മുതൽ ഫെബ്രുവരി 15 വരെയാകും പ്രാബല്യത്തിൽ ഉണ്ടാവുക. മലീനീകരണം രൂക്ഷമായി തുടരുന്നതിനിടയിലാണ് സർക്കാരിൻ്റെ നടപടി.
നിലവിൽ ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളും രാവിലെ 9.30 മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പ്രവർത്തിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 6.30 വരെ ആയിരിക്കും ജോലി സമയം. മുൻസിപ്പൽ കോർപ്പറേഷനുകളുടെ നിലവിലത്തെ സമയം രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5.30 വരെയാണ്. എന്നാൽ പുതുക്കിയ സമയക്രമം നിലവിൽ വരുന്നതോടെ നവംബർ 15 മുതൽ ഇത് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും.
Also Read: അമിതമായി പിഴ ചുമത്തുന്നു; ഇനി കേരളത്തിലേക്ക് സർവീസ് നടത്തില്ലെന്ന് തമിഴ്നാട് അന്തർസംസ്ഥാന ബസുടമകൾ
അതേസമയം നഗരത്തിലെ മലീനീകരണം നിയന്ത്രിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ച്ച സംഭവിച്ചുവെന്ന് കാട്ടി നാളെ ജനകീയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഗേറ്റിന് മുന്നിലാണ് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി പോലീസ് നിഷേധിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ശാസ്ത്ര വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സയന്റിസ്റ്റ്സ് ഫോർ സൊസൈറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ലീഗ്, ദിശ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും ഇതിന് പിന്തുണ നൽകിയിരുന്നു.
അതേസമയം ഡൽഹിയിലെ വായുനിലവാരം സൂചിക ‘വളരെ മോശം’ നിലവാരത്തിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വയ്‌ക്കോൽ കത്തിക്കൽ വ്യാപകമായിരുന്നതും വായു ഗുണനിലവാരം ഇടിയാൻ കാരണമായിട്ടുണ്ട്. കാർഷികാവശിഷ്ടങ്ങളുടെ പൊടിയടങ്ങിയ പുകക്കാറ്റ് ഡൽഹിയിലെ അന്തരീക്ഷമാകെ വ്യാപിക്കുകയാണ്.