Tamil Nadu Insurance Death: ഇൻഷുറൻസ് തുക തട്ടാൻ കൊടും ക്രൂരത; അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി, മക്കൾ പിടിയിൽ
Sons Kill Father For Insurance Money: സംഭവത്തിൽ മക്കളായ ജി മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളായ മറ്റ് മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22നാണ് ഗണേശൻ പാമ്പുകടിയേറ്റു മരിക്കുന്നത്. മൂന്ന് കോടിയോളം വരുന്ന തുകയുടെ ഇൻഷുറൻസാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്.
ചെന്നൈ: തമിഴ്നാട് തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം പിതാവിനോട് മക്കളുടെ കൊടും ക്രൂരത. വിഷപ്പാമ്പിനെക്കൊകൊണ്ടു പിതാവിനെ കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് മക്കൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇപി ഗണേശനാണ് (56) കൊല്ലപ്പെട്ടത്. രണ്ട് മാസം മുമ്പാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. എന്നാൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുന്നത് ഇപ്പോഴാണ്.
സംഭവത്തിൽ മക്കളായ ജി മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളായ മറ്റ് മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22നാണ് ഗണേശൻ പാമ്പുകടിയേറ്റു മരിക്കുന്നത്. എന്നാൽ പിതാവിന്റെ മരണത്തിന് പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടുന്നതിനുള്ള അസാധാരണ നടപടികൾ ആരംഭിച്ചതാണ് സംശയത്തിന് ബലമേകിയത്.
ALSO READ: ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല; സുപ്രീം കോടതി
മൂന്ന് കോടിയോളം വരുന്ന തുകയുടെ ഇൻഷുറൻസാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. കുടുംബത്തിന് ആകെ 13 ഇൻഷുറൻസുകളാണ് ഉണ്ടായിരുന്നത്. ഗണേശന് മാത്രം മൂന്ന് ഇൻഷുറൻസുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനിയാണ് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു.
ഗൂഢാലോചനയുടെ ഭാഗമായി ആദ്യം മൂർഖനെ എത്തിച്ചാണ് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് പാളിയത് മനസ്സിലായതോടെ, ഒക്ടോബർ 22ന് പുലർച്ചെ വിഷപ്പാമ്പിനെയെത്തിച്ച് ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ മക്കൾ ഇരുവരും ചേർന്ന് പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഗണേശനെ ആശുപത്രിയിലെത്തിച്ചത് വളരെ വൈകിയാണ്. അത് മനഃപൂർവം വൈകിച്ചതായാണ് കണ്ടെത്തൽ.