Delhi explosion: കൂടിക്കാഴ്ച ദുരന്തത്തിൽ അവസാനിച്ചു; സ്‌ഫോടനത്തില്‍ മരിച്ച അശോക് കുടുംബത്തിന്റെ ഏക ആശ്രയം
Delhi Blast: എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു അശോക്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അശോക് സുഹൃത്തിനെ കാണാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം നടന്നത്.
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഒരാൾ ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ ബസ് കണ്ടക്ടർ അശോക്. എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു അശോക്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അശോക് സുഹൃത്തിനെ കാണാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം നടന്നത്.
ഉത്തർപ്രദേശിലെ ഹസൻപൂരിൽ നിന്നുള്ള 52 വയസ്സുകാരനായ വളം വ്യാപാരി ലോകേഷ് അഗർവാളെ കാണാൻ എത്തിയതായിരുന്നു 34 വയസ്സുകാരനായ അശോക് ഗുജ്ജറ. അകന്ന ബന്ധുക്കൾ കൂടിയായിരുന്നു അവർ. ഇവരുടെ കൂടിക്കാഴ്ചയാണ് ദുരന്തത്തിൽ അവസാനിച്ചു. ലോകേഷും സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.
അസുഖബാധിതനായ ഒരു ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു ലോകേഷ്. ലാൽ ഖില മെട്രോ സ്റ്റേഷന് സമീപം കാണാമെന്ന് അദ്ദേഹം അശോകിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും കണ്ടുമുട്ടി നിമിഷങ്ങൾക്കകം സ്ഫോടനം ഉണ്ടാവുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. വാർത്തയിലൂടെയാണ് കുടുംബങ്ങൾ ദുരന്തവാർത്ത അറിഞ്ഞത്. അശോകിന്റെ മരണവാർത്ത മംഗ്രോള ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാത്രി അംറോഹ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.
Also Read:‘നീതി നടപ്പാക്കും, കുറ്റക്കാരെ വെറുതെ വിടില്ല’; ഡൽഹി സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ജഗത്പൂരിലാണ് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അശോക് താമസിച്ചിരുന്നത്. മൂന്ന് പെൺമക്കളും ഒരു മകനുമാണ് അശോകിന്. അശോകിന്റെ അമ്മ സോംവതി, മൂത്ത മകൻ സുഭാഷിനൊപ്പം നാട്ടിലാണ് താമസം. സുഭാഷിന് പലപ്പോഴും അസുഖമായതിനാൽ അശോകായിരുന്നു കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ചുമലിലേറ്റിയിരുന്നത്. പകൽ കണ്ടക്ടറായും രാത്രി സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്താണ് അശോക് തൻ്റെ കുടുംബത്തെ പോറ്റിയിരുന്നത്.