Dharmasthala Mass Burial: അഞ്ചിടത്ത് കുഴിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല; ബാക്കിയുള്ളത് എട്ട് പോയിന്‍റുകളിലെ പരിശോധന
Dharmasthala Mass Burial: ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളുരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്താനായിട്ടില്ല.
ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ ഇന്നും പരിശോധന നടക്കും. ഇനി ആകെ എട്ട് പോയിന്റുകളിലെ പരിശോധനയാണ് ബാക്കിയുള്ളത്. അഞ്ചിടത്ത് കുഴിച്ച് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സാക്ഷി ചൂണ്ടിക്കാണിച്ച് കൊടുത്ത പോയിന്‍റുകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളുരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്താനായിട്ടില്ല.
ALSO READ: മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു; ധർമ്മസ്ഥലയിൽ ഇനി എന്ത്?
ഇനി ബാക്കിയുള്ള എട്ട് പോയിന്‍റുകളിൽ മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയിന്‍റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലും മറ്റൊന്ന് നേത്രാവതി സ്നാന ഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലുമാണ്. ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്യാടി എന്നയിടത്തെ സ്വകാര്യ ഭൂമിയിലും രണ്ട് പോയിന്‍റുകളുണ്ട്. എന്നാൽ അവിടെ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് പ്രത്യേക അനുമതി വേണ്ടി വരും.
സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗും ഒപ്പം സർവേക്കല്ലിന് സമാനമായ ഒരു അടയാളവും വച്ചിട്ടുണ്ട്. അതേസമയം ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിലെ സ്പോട്ടുകൾ കുഴിച്ച് പരിശോധിക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടി വരും.