AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

DRDO Spy: പാകിസ്ഥാന് നിർണായക വിവരങ്ങൾ ചോർത്തി; ഡിആർഡിഒ ജീവനക്കാരൻ അറസ്റ്റിൽ

DRDO Guest House Manager Arrest: ഇയാൾ പാക് ഇൻറലിജൻസ് ഏജൻറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ ഇന്ത്യയുടെ പ്രതിരോധ മേഖലയെ കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതായും റിപ്പോർട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ, ചാരവൃത്തി കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

DRDO Spy: പാകിസ്ഥാന് നിർണായക വിവരങ്ങൾ ചോർത്തി; ഡിആർഡിഒ ജീവനക്കാരൻ അറസ്റ്റിൽ
അറസ്റ്റിലായ ഡിആർഡിഒ ജീവനക്കാരൻ മഹേന്ദ്ര പ്രസാദ്Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 13 Aug 2025 12:02 PM

ജയ്പൂർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കേസിൽ ഡിഫൻസ് റിസർച്ച് ആൻറ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ) ജീവനക്കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം. ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ചിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) എന്നയാളാണ് അറസ്റ്റിലായത്. പോലീസ് സിഐഡി (സുരക്ഷ) ഇൻറലിജൻസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ പാക് ഇൻറലിജൻസ് ഏജൻറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ ഇന്ത്യയുടെ പ്രതിരോധ മേഖലയെ കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതായും റിപ്പോർട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ രാജസ്ഥാൻ സിഐഡി ഇന്റലിജൻസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് സിഐഡി (സുരക്ഷ) ഐജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു.

ഈ പരിശോധനയ്ക്കിടെയാണ് ഡിആർഡിഒ ഗസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായ മഹേന്ദ്ര പ്രസാദിനെക്കുറിച്ചുള്ള ര​ഹസ്യ വിവരം ലഭിച്ചത്. ഡിആർഡിഒയിലെ താത്കാലിക ജീവനക്കാരനാണ് മഹേന്ദ്ര പ്രസാദ്. ഉത്തരാഖണ്ഡിലെ അൽമോറയിലെ പാല്യുൺ സ്വദേശിയാണ് ഇയാൾ. മഹേന്ദ്ര പ്രസാദ് സമൂഹ മാധ്യമം വഴി പാക് ഇൻറലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ച് സന്ദർശിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ നിർണായകമായ വിശദാംശങ്ങൾ മഹേന്ദ്ര പ്രസാദ് കൈമാറിയെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്. തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനുള്ള നിർണായക സ്ഥലമാണ് ജയ്സാൽമീറിലുള്ള ഈ കേന്ദ്രം.

തെളിവുകളുടെ അടിസ്ഥാനത്തിൽ, ചാരവൃത്തി കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ വീഴ്ചയും അതോടൊപ്പം മറ്റാരെങ്കിലും ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്. സുരക്ഷയുടെ ഭാ​ഗമായി എല്ലാ ഉദ്യോഗസ്ഥരോടും, പ്രത്യേകിച്ച് സെൻസിറ്റീവ് മേഖലകളിൽ ജോലി ചെയ്യുന്നവരോട്, ജാഗ്രത പാലിക്കാനും സംശയാസ്പദമായ രീതിയിൽ എന്ത് കണ്ടാലും ഉടനടി റിപ്പോർട്ട് ചെയ്യാനും അധികൃതർ അറിയിച്ചിട്ടുണ്ട്.