വീണ്ടും ദൃശ്യം മോഡൽ കൊലപാതകം; ഭർത്താവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ടു; യുവതി കാമുകനൊപ്പം ഒളിച്ചോടി
‘Drishyam’-Style Murder in Mumbai: കഴിഞ്ഞ 15 ദിവസമായി വിജയ്‌യെ കാണാനില്ലായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച വിജയ്‍യെ അന്വേഷിച്ച് സഹോദരന്‍മാര്‍ വീട്ടിലെത്തി. ഈ സമയത്താണ് വീട്ടിലെ ടൈലുകൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

മോനു, കൊല്ലപ്പെട്ട വിജയ് ചവാൻ, ഭാര്യ കോമൾ
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ട് യുവതി. 35കാരനായ വിജയ് ചവാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയയുടെ ഭാര്യ കോമൾ ചവാനെയും (28) കാമുകൻ മോനുവിനെയും പോലീസ് അന്വേഷിച്ചുവരുകയാണ്.
മുംബയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് നമ്പദികൾ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 15 ദിവസമായി വിജയ്‌യെ കാണാനില്ലായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച വിജയ്‍യെ അന്വേഷിച്ച് സഹോദരന്‍മാര്‍ വീട്ടിലെത്തി. ഈ സമയത്താണ് വീട്ടിലെ ടൈലുകൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. വ്യത്യസ്ത നിറത്തിലുള്ള രണ്ട് ടൈലുകൾ കണ്ട് സംശയം തോന്നിയ ഇവര്‍ ടൈലുകള്‍ നീക്കംചെയ്യുകയായിരുന്നു. ഇതോടെ രൂക്ഷ ദുര്‍ഗന്ധം വമിക്കുകയും സമീപത്ത് നിന്ന് വസ്ത്രം കണ്ടെത്തുകയും ചെയ്തു.
ഉടനെ പോലീസിൽ വിവരം അറിയിച്ചതോടെ അവർ നടത്തിയ പരിശോധനയില്‍ വിജയ് ചവാന്റെ മൃതദേഹം ടൈലുകള്‍ക്ക് താഴെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി യുവതിയെയും അയൽവാസിയായ മോനുവിനെയും കാണാനില്ലായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും രണ്ടുപേരും ചേര്‍ന്ന് വിജയ് ചവാനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.