സഞ്ജയ് ഗാന്ധി, ബിപിന്‍ റാവത്ത്, നടി സൗന്ദര്യ ; ആകാശദുരന്തം കവര്‍ന്ന പ്രമുഖര്‍
Air India Plane Crash Death:മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ട്. ഇതോടെ ആകാശയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പ്രമുഖരുടെ പേരാണ് ചർച്ചയാകുന്നത്.
അഹമ്മദാബാദ്: രാജ്യത്തെ തന്നെ നടുക്കിയ വിമാനദുരന്തമായിരുന്നു വ്യാഴാഴ്ച അഹമ്മദാബാദിൽ സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ട്. ഇതോടെ ആകാശയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പ്രമുഖരുടെ പേരാണ് ചർച്ചയാകുന്നത്.
ഗുജറാത്തിന്റെ രണ്ടാം മുഖ്യമന്ത്രി ബല്‍വന്ദ് റായി മേത്ത , കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ കുമാരമംഗലം , കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ഗാന്ധി , നടി സൗന്ദര്യ, തരുണി സച്ച്‌ദേവ്,, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി,തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര, സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ക്ക് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.
ബല്‍വന്ദ് റായി മേത്ത
ഗുജറാത്തിന്റെ രണ്ടാം മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ദ് റായി മേത്ത കൊല്ലപ്പെട്ടത് ഒരു വിമാനാപകടത്തിലാണ്. ഇദ്ദേഹം സഞ്ചരിച്ച പാക് സൈന്യം വെടിവെച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് സ്റ്റാഫും ഒരു പത്രപ്രവര്‍ത്തകനും ഉണ്ടായിരുന്നു. ഇവരും കൊല്ലപ്പെട്ടു.
Also Read: ‘ആ പത്ത് മിനിറ്റിന് നന്ദി, വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു’; നടുക്കം മാറാതെ ഭൂമി ചൗഹാൻ
സഞ്ജയ് ഗാന്ധി
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി മരിക്കുന്നതും വിമാനാപകടത്തിലാണ്.1980 ജൂണ്‍ 23നാണ് ഈ വിമാനാപകടം ഉണ്ടായത്.
സൗന്ദര്യ
സിനിമ മേഖലയാകെ നടുക്കിയ മരണമായിരുന്നു നടി സൗന്ദര്യയുടേത്. 2004 ഏപ്രില്‍ 17-നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് വിമാനം കയറിയത്. ബെംഗളൂരുവിനടുത്ത് ജക്കൂരില്‍ വെച്ച് നടി സഞ്ചരിച്ച അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജക്കൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു.സംഭവത്തില്‍ സൗന്ദര്യയുള്‍പ്പെടെ നാലുപേരാണ് മരിച്ചത്.
തരുണി സച്ച്‌ദേവ്
വെള്ളിനക്ഷത്രമെന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായ തരുണി സച്ച്‌ദേവ് മരിച്ചതും ഒരു വിമാനാപകടത്തിലാണ്. 2012ല്‍ നേപ്പാളിലെ ജോസം വിമാനത്താവളത്തിന് സമീപം അഗ്‌നി എയറിന്റെ ഡോര്‍ണിയര്‍ 228 വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ അമ്മയും മരിച്ചു.
റാണി ചന്ദ്ര
തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര1976 ഒക്ടോബര്‍ 12 നുണ്ടായ വിമാനദുരന്തത്തിലാണ് കൊല്ലപ്പെടുന്നത്. ഇന്ത്യന്‍ എയര്‍ലൈസ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നടിയുടെ അമ്മയും സഹോദരനും കൊല്ലപ്പെട്ടിരുന്നു.
ബിപിന്‍ റാവത്ത്
ഇന്ത്യൻ സംയുക്ത സൈനികമേധാവിയായിരുന്ന ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ എട്ടിന് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണപ്പെട്ടത്. അപകടത്തിൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെയുള്ളവർ മരണപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ കൂനുരിലെ മലനിരകള്‍ക്ക് മുകളില്‍വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.