Narendra Modi: ഇക്കാത്ത് മുതല്‍ കോഫി ബോക്‌സ് വരെ; വിദേശ സന്ദര്‍ശനത്തില്‍ മോദി നല്‍കിയ സമ്മാനങ്ങള്‍
PM Narendra Modi’s Unique Gifts During Indonesia, Australia and New Zealand Visit: ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനവേളയില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കരകൗശല മികവും പ്രദര്‍ശിപ്പിക്കുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യാനാണ് പ്രധാനമന്ത്രി ശ്രദ്ധിച്ചത്. പരമ്പരാഗത തുണിത്തരങ്ങളും ഗോത്ര ലോഹ കരകൗശല വസ്തുക്കളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കാറുള്ള സമ്മാനങ്ങള്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്, എന്നാല്‍ ഈ യാത്രയിലെല്ലാം അദ്ദേഹം അങ്ങോട്ട് നല്‍കുന്ന സമ്മാനങ്ങളെ കുറിച്ചറിയാമോ? രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമെല്ലാം മുറുകെ പിടിച്ച്, ഇന്ത്യയുടെ അന്തസ്സ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തുന്ന സമ്മാനങ്ങളാണ് ഇക്കാലമത്രയും പ്രധാനമന്ത്രി തന്റെ വിദേശ രാജ്യ സന്ദര്‍ശനവേളയില്‍ ഇക്കാലമത്രയും അവിടുത്തെ പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെല്ലാം നല്‍കിയിട്ടുള്ളൂ. ഇക്കഴിഞ്ഞ അദ്ദേഹത്തിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനവേളയിലും സമ്മാനിച്ചത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമൂല്യങ്ങളായ വസ്തുക്കളാണ്.
ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനവേളയില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കരകൗശല മികവും പ്രദര്‍ശിപ്പിക്കുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യാനാണ് പ്രധാനമന്ത്രി ശ്രദ്ധിച്ചത്. പരമ്പരാഗത തുണിത്തരങ്ങളും ഗോത്ര ലോഹ കരകൗശല വസ്തുക്കളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ക്കായി
രാജ്യത്തെ ഏറ്റവും പ്രശസ്തമായ കൈത്തറി പാരമ്പര്യങ്ങളിലൊന്നാണ് ഒഡീഷയിലെ ഇക്കാത്ത്. സങ്കീര്‍ണമായ നെയ്ത്തിനും പാറ്റേണുകള്‍ക്കും പേരുകേട്ട ഒഡീഷയുടെ ഇക്കാത്താണ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പുവാന്‍ മഹാറാണിക്ക് മോദി സമ്മാനിച്ചത്. ബന്ധ എന്നാണ് പ്രാദേശികമായി ഇക്കാത്ത് അറിയപ്പെടുന്നത്. ടൈ ആന്‍ഡ് ടൈ സാങ്കേതികതയ്ക്കും ഊര്‍ജ്ജസ്വലമായ ഡിസൈനുകള്‍ക്കുമാണ് ഇക്കാത്തില്‍ പ്രാധാന്യം നല്‍കുന്നത്.
സാംബല്‍പൂര്‍, നുവാപത്‌ന, ബര്‍ഗഡ് തുടങ്ങിയ നെയ്ത്ത് കേന്ദ്രങ്ങളിലാണ് ഇക്കാത്ത് നിര്‍മിക്കുന്നത്. ഈ തുണിത്തരങ്ങളില്‍ സമ്പന്നമായ ടെക്‌സ്ചറുകള്‍, ഇരുവശത്തും സമാനമായ പാറ്റേണുകള്‍, മൃദുവായ തൂവല്‍ പോലുള്ള അരികുകളുള്ള വളഞ്ഞ രൂപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ കാണാനാകുന്നതാണ്.
വിക്ടോറിയ ജനറലിനായി
ഇന്ത്യയുടെ നാടോടി കലാ പൈതൃകത്തിന്റെ സമ്പന്നത പ്രകടമാക്കുന്ന മധുബാനി പെയിന്റിങ്ങായിരുന്നു വിക്ടോറിയ ഗവര്‍ണര്‍ ജനറലിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ സമ്മാനം. ബീഹാറിലെ മിഖില മേഖലയില്‍ നിന്നുള്ളതാണ് ഈ പെയിന്റിങ്. പരമ്പരാഗതമായി കൈകള്‍ കൊണ്ട് വരച്ച ഈ ചിത്രങ്ങളില്‍ പ്രകൃതിയും അതിലെ സര്‍വ്വജീവജാലങ്ങളും ഉള്‍പ്പെടുന്നു.
മയിലുകളാണ് മോദി വിക്ടോറിയ ജനറലിന് സമ്മാനിച്ച ചിത്രങ്ങളിലുള്ളത്. സൗന്ദര്യം, സമൃദ്ധി, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെയാണ് മയില്‍ പ്രതിനിധീകരിക്കുന്നത്. ചിത്രത്തിലുള്ള മരം വളര്‍ച്ച, സുസ്ഥിരത, ജീവിതത്തിന്റെ തുടര്‍ച്ച എന്നിവയെയും അര്‍ത്ഥമാക്കുന്നു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പത്‌നിക്ക് വേണ്ടി
കശ്മീരിന്റെ തുണിത്തരങ്ങളുടെ വൈദഗ്ധ്യവും പേറിയാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ പത്‌നിക്ക് പ്യുവര്‍ കമ്പിളി എംബ്രോയ്ഡറി സ്‌റ്റോള്‍ അദ്ദേഹം സമ്മാനമായി നല്‍കി. പ്രീമിയം നിലവാരമുള്ള കമ്പിളിയില്‍ നിര്‍മിച്ച ഇത്, കശ്മീരിന്റെ പ്രകൃതി സൗന്ദര്യവും മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കുന്നു. ഊഷ്മളത, മൃദുത്വം ചാരുത എന്നിവയെല്ലാം സംയോജിപ്പിച്ച പൂക്കളാണ് എംബ്രോയ്ഡറിയായി നല്‍കിയത്.
പ്രധാനമന്ത്രിക്ക് രണ്ട് സമ്മാനങ്ങള്‍
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് രണ്ട് സമ്മാനങ്ങളാണ് മോദി നല്‍കിയത്. ഒന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ലോഹ കരകൗശല പാരമ്പര്യങ്ങളിലൊന്നായ ഗോത്ര ഡോക്ര ബോട്ട് ശില്‍പമാണ്. ഐക്യം, സഹകരണം, പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ ശില്‍പങ്ങള്‍. മറ്റൊന്ന് ഇന്ത്യയിലെ കാപ്പി കൃഷിയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ പ്രീമിയം കോഫി ബോക്‌സുമാണ്.
ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവിന് ആന
രാജസ്ഥാന്റെ പ്രശസ്തമായ കരകൗശല നിര്‍മാണത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ സമ്മാനം. ഒറ്റത്തടിയില്‍ നിര്‍മിച്ച ആനയുടെ ശില്‍പം മോദി അദ്ദേഹത്തിന് കൈമാറി. സങ്കീര്‍ണായ ലാറ്റിസ് വര്‍ക്കുകയും അലങ്കാര രൂപങ്ങളും ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി രാജ്യത്തെ മികച്ച കരകൗശല വിദഗ്ധരുടെ കൃത്യത, ക്ഷമ, വൈദഗ്ധ്യം എന്നിവ പ്രദര്‍ശിപ്പിക്കുന്നു.
മാര്‍ബിള്‍ ഇന്‍ലേ വര്‍ക്ക് ബോക്‌സ്
ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറലിന് മാര്‍ബിള്‍ ഇന്‍ലേ വര്‍ക്ക് ബോക്‌സ് മോദി സമ്മാനിച്ചു. ഇന്ത്യയിലെ പ്രശസ്തമായ പിയത്ര ദുര പാരമ്പര്യത്തെയാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്. മികച്ച മാര്‍ബിളും വിലയേറിയ കല്ലുകളും ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. ഐക്യം, സമൃദ്ധി, നവീകരണം എന്നിവയെയാണ് ഈ കല പ്രതിനിധീകരിക്കുന്നത്.
ക്രിസ്റ്റഫര്‍ ലക്‌സണിനുള്ള സമ്മാനങ്ങള്‍
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണിന് രണ്ട് സമ്മാനങ്ങള്‍ മോദി നല്‍കി. ഹിമായന്‍ സാംസ്‌കാരി പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന പരമ്പരാഗത ഉത്തരാഖണ്ഡി തൊപ്പിയും ഇന്ത്യന്‍ കായിക മികവിനെ അനുസ്മരിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒപ്പുവെച്ച ഒരു ഹോക്കി സ്റ്റിക്കുമാണത്.
പ്രതിപക്ഷ നേതാവിനായി
ലഖ്‌നൗവിന്റെ പ്രശസ്തമായ എംബ്രോയ്ഡറി പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന സമ്മാനമാണ് ന്യൂസിലാന്‍ഡ് പ്രതിപക്ഷ നേതാവിന് നല്‍കിയത്. ലഖ്‌നൗവില്‍ നിന്നുള്ള സാരി സര്‍ദോസി വാള്‍ ഹാങിങ് ഇന്ത്യയുടെ പ്രശസ്തമായ എംബ്രോയ്ഡറി പാരമ്പര്യം വിളിച്ചോതുന്നു.
English Summary
Prime Minister Narendra Modi presented a range of culturally significant gifts during his visits to Indonesia, Australia and New Zealand. From traditional Ikat textiles to handcrafted coffee boxes, the gifts reflected India’s rich heritage and craftsmanship while strengthening diplomatic ties with partner nations.