Air Quality Standards: വായു മലിനീകരണം; ആഗോള റാങ്കിംഗ് ഔദ്യോഗികമല്ലെന്ന് കേന്ദ്രം
Delhi Air Pollution: ആഗോളതലത്തിൽ രാജ്യങ്ങളുടെ വായു മലിനീകരണത്തിന്റെ റാങ്കിംഗ് നിശ്ചയിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങളൊന്നും നിലവിലില്ല. ഇന്ത്യക്ക് സ്വന്തമായി വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾ ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യത്ത് വായു മലിനീകരണം സംബന്ധിച്ച് നിലവിലുള്ള ആഗോള റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഇന്ത്യക്ക് സ്വന്തമായി വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾ ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ആഗോളതലത്തിൽ രാജ്യങ്ങളുടെ വായു മലിനീകരണത്തിന്റെ റാങ്കിംഗ് നിശ്ചയിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങളൊന്നും നിലവിലില്ല. ഐക്യുഎയർ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്, ഡബ്ല്യുഎച്ച്ഒ ഗ്ലോബൽ എയർ ക്വാളിറ്റി ഡാറ്റാബേസ്, എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് (ഇപിഐ), ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) മെട്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര സൂചികകൾ ഒരു ഔദ്യോഗിക അതോറിറ്റിയും നടത്തുന്നവയല്ലെന്ന് പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ നൽകിയ മറുപടിയിൽ അറിയിച്ചു.
പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി 2009-ൽ 12 മലിനീകരണ വസ്തുക്കൾക്കായി നാഷണൽ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് (NAAQS) വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങൾ ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് അനുസൃതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിലെ വായു ഗുണനിലവാരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, അടുത്ത കാലത്തായി ഡൽഹിയിൽ കാര്യമായ പുരോഗതിയുണ്ടായതായി മന്ത്രി പറഞ്ഞു. ഡൽഹിയിൽ ‘നല്ലതോ മിതമായതോ’ ആയ വായുനിലവാരമുള്ള ദിവസങ്ങളുടെ എണ്ണം 2016-ലെ 110-ൽ നിന്ന് 2025-ൽ 200 ആയി ഉയർന്നുവെന്നും 2022-നെ അപേക്ഷിച്ച് 2025-ലെ വിളവെടുപ്പ് സീസണിൽ പഞ്ചാബിലും ഹരിയാനയിലും കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ 90% കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.