Gold Reserve: ഒഡീഷയിലെ വിവിധജില്ലകളിൽ സ്വർണനിക്ഷേപം കണ്ടെത്തി; 20 മെട്രിക് ടൺ വരെ ഉണ്ടാവാമെന്ന് കണ്ടെത്തൽ
Gold Reserve Discovered In Odisha: ഒഡീഷയിൽ സ്വർണനിക്ഷേപം കണ്ടെത്തി. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിലാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
ഒഡീഷയിലെ വിവിധ ജില്ലകളിൽ സ്വർണനിക്ഷേപം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ പ്രദേശങ്ങളിൽ നടത്തിയ ഖനനങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒഡീഷയിലെ ദിയോഗർ, സുന്ദർഗർ, നബരങ്പൂർ, കിയോഞ്ജർ, അങ്കുൽ, കോറാപുട് തുടങ്ങിയ ഇടങ്ങളിൽ സ്വർണശേഖരം സ്ഥിരീകരിച്ചിട്ടുണ്ട്. മായുർഭഞ്ജ്, മൽകാൻഗിരി, സംഭാൽപൂർ, ബൗധ് തുടങ്ങിയ ഇടങ്ങളിൽ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഈ വർഷം മാർച്ച് മാസത്തിലാണ് ഒഡീഷയിലെ സ്വർണനിക്ഷേപത്തെപ്പറ്റിയുള്ള വിവരം പുറത്തറിഞ്ഞത്. സംസ്ഥാനത്തെ ഖനന മന്ത്രി ബിഭൂതി ഭൂഷൻ ജെന ഒഡീഷ നിയമസഭയിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. എത്ര സ്വർണനിക്ഷേപമുണ്ടാവുമെന്നതിന് കൃത്യമായ ഒരു കണക്കില്ല. എന്നാൽ, 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണനിക്ഷേപം ഉണ്ടാവാമെന്നാണ് കണ്ടെത്തൽ.
ഈ പ്രദേശങ്ങൾ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഒഡീഷ സർക്കാരും ഒഡീഷ മൈനിങ് കോർപ്പറേഷനും ചേർന്ന് തുടങ്ങിയിട്ടുണ്ട്. ദിയോഗറിൽ കണ്ടെത്തിയ സ്വർണ ഖനി ലേലം ചെയ്യാനുള്ള നീക്കം ആരംഭിച്ചു. മറ്റിടങ്ങളിലെ സ്വർണനിക്ഷേപം കൂടുതലായി മനസ്സിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഒഡീഷയിൽ വേറെയും ധാതുനിക്ഷേപങ്ങളുണ്ട്. ഇന്ത്യയുടെ ആകെ ക്രോമൈറ്റിൽ 96 ശതമാനവും ഒഡീഷയിലാണ്. 52 ശതമാനം ബോക്സൈറ്റും 33 ശതമാനം ഇരുമ്പും ഒഡീഷയിൽ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത്. സ്വർണനിക്ഷേപത്തിൻ്റെ കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ എത്രമാത്രം സ്വർണം ഇവിടെനിന്ന് എടുക്കാൻ കഴിയുമെന്ന് മനസ്സിലാക്കാൻ കഴിയൂ.