Gujarat Cabinet: രവീന്ദ്ര ജഡേജയുടെ ഭാര്യയും മന്ത്രിക്കസേരയിൽ; ഗുജറാത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചു
New Ministers In Gujarat Cabinet: 21 മന്ത്രിമാരുമായി ഗുജറാത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിലുണ്ട്.

റിവാബ ജഡേജ
ഗുജറാത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും മന്ത്രിക്കസേരയിലുണ്ട്. മന്ത്രിസഭാ പുനസംഘടനയ്ക്കായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ ഗുജറാത്ത് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഈ മാസം 16ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത്.
ഹർഷ സാംഘ്‌വിയാണ് ഉപമുഖ്യമന്ത്രി. പഴയ മന്ത്രിസഭയിലുണ്ടായിരുന്ന ഋഷികേശ് പട്ടേല്‍, കനുഭായ് ദേശായി, കുന്‍വര്‍ജി ബവാലിയ, പ്രഫുല്‍ പന്‍സേരിയ, പര്‍ഷോത്തം സോളങ്കി എന്നിവര്‍ പുതിയ മന്ത്രിസഭയിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ രാജി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തി പോർബന്തറിൽ നിന്ന് മത്സരിച്ച് വിജയിച്ച അർജുൻ ഓൺ വാഡിയയും ഗുജറാത്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഭാവ്നഗർ എംഎൽഎയുമായ ജിത്തു വഘാനിയും പുതിയ മന്ത്രിസഭയിലുണ്ട്. 21 പേരാണ് പുതുതായി സത്യവാചകം ചൊല്ലിയത്.
ഗാന്ധിനഗറിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ആണ് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് മന്ത്രിമാർ സ്ഥാനമേറ്റെടുത്തത്.
2022 നിയമസഭാ തിരഞ്ഞെടുപ്പിലാണ് റിവാബ ജഡേജ ബിജെപി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജാംനഗർ നോർത്തി മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ കർഷൻഭായ് കാർമുറിനെയാണ് റിവാബ തോല്പിച്ചത്. അര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജഡേജ വിജയിച്ച് എംഎൽഎ ആയത്. 2016ലാണ് റിവാബയും ജഡേജയും തമ്മിൽ വിവാഹിതരായത്. നിലവിൽ ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ ജഡേജയ്ക്ക് സാധിച്ചില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി കളിച്ചത്.