Himachal Rains: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 310, നഷ്ടം 2.45 ലക്ഷം കോടി രൂപ കടന്നു
Himachal Pradesh Rains Death: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. മഴയിൽ മരണസംഖ്യ 310 ആയി ഉയർന്നു. 2.45 ലക്ഷം കോടി രൂപയാണ് ആകെ നഷ്ടം.
ഹിമാചൽ പ്രദേശിലെ കനത്ത മഴയിൽ മരണസംഖ്യ 310 ആയി ഉയർന്നു. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള കണക്കാണിത്. മഴ മൂലം ഇതുവരെയുണ്ടായ നഷ്ടത്തിൻ്റെ ഏകദേശ കണക്ക് 2450 രൂപയാണ്.
മഴയുമായി ബന്ധപ്പെട്ട ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, മിന്നൽ, വൈദ്യുതാഘാതം തുടങ്ങിയ അപകടങ്ങളിൽ 158 പേരാണ് മരിച്ചത്. മറ്റ് 152 മരണങ്ങൾക്ക് കാരണം വാഹനാപകടനങ്ങളാണ്. കങ്ക്രയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്. 30 പേരാണ് കങ്ക്രയിൽ മരിച്ചത്. മണ്ഡി (29), ചമ്പ (14), കിന്നൗർ (14), കുള്ളു (13) എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഉരുൾപൊട്ടലിൽ 19 പേരാണ് മരിച്ചത്. 33 പേർ മുങ്ങിമരിച്ചു.
തെന്നിയ റോഡും മോശം കാഴ്ചയും കാരണമുണ്ടായ വാഹനാപകടങ്ങളിൽ 22 പേർ വീതം മണ്ഡിയിലും ചമ്പയിലും മരിച്ചു. കങ്ക്രയിൽ 19 പേരും സോളനിൽ 16 പേരും ഷിംലയിൽ 15 പേരും മരിച്ചു. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ വൻ വാഹനാപകടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കിന്നൗരിൽ 14 വാഹനാപകടങ്ങളും കുള്ളുവിൽ 13 വൻ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.
മഴയിൽ സംസ്ഥാനത്ത് പൊതുമുതലിനുണ്ടായ ആകെ നഷ്ടം 2.45 ലക്ഷം കോടിയാണ്. 1.31 ലക്ഷം കോടി രൂപയുടെ റോഡ് തകർച്ച സംസ്ഥാനത്തുണ്ടായെന്ന് പിഡബ്ല്യുഡി അറിയിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട് 87,226 കോടി രൂപയുടെ നഷ്ടമുണ്ടായതായി ജൽ ശക്തി വിഭാഗും വൈദ്യുതിയുമായി ബന്ധപ്പെട്ട് 13,956 കോടി രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി വകുപ്പും അറിയിച്ചു.