AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിലിൽ നാല് മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Jammu Kashmir Flood And Landslide: സംസ്ഥാനത്തെ മിക്ക നദികളും പുഴകളും അപകടരേഖയ്ക്ക് മുകളിലാണ്. നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായെന്നും അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് റെഡ് അലർട്ടാണ്. ഫോൺ - ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായി.

Jammu Kashmir Flood: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിലിൽ നാല് മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു
Jammu Kashmir Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 26 Aug 2025 17:39 PM

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയെ തുടർന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സൈന്യത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ വിവിധ മേഖലകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിലവിൽ സംസ്ഥാനത്ത് റെഡ് അലർട്ടാണ്. മൂന്ന് ദിവസം തുടർച്ചയായി ശക്തമായ മഴയാണ് ജമ്മുവിൽ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ – ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായി. ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

പ്രദേശത്തെ നിലവിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് അറിയിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക നദികളും പുഴകളും അപകടരേഖയ്ക്ക് മുകളിലാണ്. നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായെന്നും അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 8:30വരെയുള്ള റിപ്പോർട്ട് പ്രകാരം, കതുവ ജില്ലയിൽ 155.6 മില്ലിമീറ്റർ മഴ റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദോഡയിലെ ഭാദേർവയിൽ 99.8 മില്ലിമീറ്ററും ജമ്മുവിൽ 81.5 മില്ലിമീറ്ററും കത്രയിൽ 68.8 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ജമ്മു, റിയാസി, സാംബ, കത്വ, ഉധംപൂർ, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിലെ പലയിടത്തും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നദീ തീരങ്ങളിൽ നിന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ മാറി താമസിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.