Himani Murder Case: സമൂഹമാധ്യമത്തിലൂടെ പരിചയം; ഒന്നര വർഷമായി സുഹൃത്തുക്കൾ; യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തിയത് സുഹൃത്തെന്ന് പോലീസ്
Himani Narwal Murder Case: സച്ചിൻ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണ്ണ മാലയും മോതിരവും പ്രതി മോഷ്ടിച്ചു. പിന്നാലെ മൃതദേഹം സ്യൂട്ട് കേസിലാക്കി റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

Himani Narwal
ചണ്ഡീഗഡ്: ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ സച്ചിനെന്ന് പോലീസ്. ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയത്. പണത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഹിമാനിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ കഴിഞ്ഞ ഒന്നര വർഷമായി സുഹൃത്തുക്കളാണ്. ഇതിനിടെയിലാണ് പണത്തെ ചൊല്ലിയുള്ള വാക്കുതർക്കം ഉണ്ടായത്. ഇതിനൊടുവിൽ സച്ചിൻ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണ്ണ മാലയും മോതിരവും പ്രതി മോഷ്ടിച്ചു. പിന്നാലെ മൃതദേഹം സ്യൂട്ട് കേസിലാക്കി റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.
Also Read:യൂത്ത് കോൺഗ്രസ് നേതാവിൻ്റെ മരണത്തിൽ ട്വിസ്റ്റ്; ബൈൽ ഫോണും ആഭരണങ്ങളും കണ്ടെടുത്തു: സുഹൃത്ത് അറസ്റ്റിൽ
ഇയാൾ ഝജ്ജർ ജില്ലയിൽ മൊബൈൽ ഫോൺ കട നടത്തുകയാണ്. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സച്ചിൻ ഇടയ്ക്ക് ഹിമാനിയുടെ റോഹ്തക് വിജയ് നഗറിലെ വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ഇവിടെയെത്തിയ സച്ചിൻ അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം ഹിമാനിയുമായി സച്ചിൻ വാക്കുതർക്കമുണ്ടായി. ഇതേതുടർന്ന് ഹിമാനിയെ തുണി കൊണ്ട് കെട്ടിയിട്ട ശേഷം ചാർജർ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സച്ചിന്റെ കൈയിൽ പോറലുകളും കടിച്ച പാടും ഉണ്ട്. ആക്രമണത്തിനിടെ ഹിമാനി കൈയിൽ കടിച്ചതാകമെന്ന് പോലീസ് പറഞ്ഞു. അതേസമയം പ്രതിയെ പിടിച്ചതിനു പിന്നാലെ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചു. മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലെന്നു കുടുംബം അറിയിച്ചിരുന്നു.
മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിനുള്ളിൽനിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. 22 കാരിയായ ഹിമാനി യൂത്ത് കോൺഗ്രസ് റോഹ്തക് ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു. ഹരിയാനയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം സജീവമായി ഹിമാനിയുണ്ടായിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു ഹിമാനി.