AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fake Investment Ads: വ്യാജ നിക്ഷേപ പരസ്യങ്ങളും ഡീപ്ഫേക്ക് തട്ടിപ്പുകളും പെരുകുന്നു; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

MHA Warns against Deepfake Scams and Fake Investment: പൊതു വ്യക്തികളെയോ സർക്കാർ ഉദ്യോഗസ്ഥരെയോ അനുകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും കൃത്രിമ വീഡിയോകളും കണ്ടെത്തി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Fake Investment Ads: വ്യാജ നിക്ഷേപ പരസ്യങ്ങളും ഡീപ്ഫേക്ക് തട്ടിപ്പുകളും പെരുകുന്നു; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 16 Oct 2025 09:38 AM

സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാകുന്ന വ്യാജ നിക്ഷേപ പരസ്യങ്ങൾക്കും, ഡീപ്‌ഫേക്ക് തട്ടിപ്പുകൾക്കുമെതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലൂടെ ആളുകളെ കബളിപ്പിച്ച് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പൊതു വ്യക്തികളെയോ സർക്കാർ ഉദ്യോഗസ്ഥരെയോ അനുകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും കൃത്രിമ വീഡിയോകളും കണ്ടെത്തി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിപ്പുകൾ നിരവധി

ബീഗം ബസാർ നിവാസിയായ യുവാവിന് വ്യാജ ആപ്പിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും നടന്ന ഓൺലൈൻ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പിൽ 12.56 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. മോട്ടിലാൽ ഓസ്വാളിന്റെ ലോഗോയുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തട്ടിപ്പ് നടന്നത്. പോസ്റ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് യുവാവിനെ ചേർക്കുകയും മോഡ്മ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ വിശ്വാസം നേടുന്നതിനായി വർദ്ധിച്ചുവരുന്ന ലാഭം കാണിച്ചിരുന്നു. എന്നാൽ പിന്നീട്, റിലീസ് ഫീസായ 7.6 ലക്ഷം രൂപ കൂടി നൽകാൻ വിസമ്മതിച്ചപ്പോൾ, താൻ വഞ്ചിക്കപ്പെട്ടുവെന്ന് യുവാവ് മനസ്സിലാക്കുകയായിരുന്നു.

ധനമന്ത്രി നിർമ്മല സീതാരാമന്റെ പേരിലും വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 22,000 രൂപ നിക്ഷേപത്തിന് 50,000 രൂപ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയെ കുറിച്ച് സംസാരിക്കുന്ന വ്യാജ വീഡിയോയാണ് ഇത്തരത്തിൽ പ്രചരിച്ചത്.

അതുപോലെ, ആത്മീയ നേതാവായ സദ്ഗുരു ഓഹരി വ്യാപാര പ്ലാറ്റ്‌ഫോമിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന ഇറക്കിയ വീഡിയോ കണ്ട് വിശ്വസിച്ച് ബെംഗളൂരുവിലെ ഒരു 57-കാരിക്ക് 3.75 കോടി രൂപ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഓൺലൈൻ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പിൽ ഒരു യുവതിക്ക് 12.56 ലക്ഷം രൂപ നഷ്ടമായ മറ്റൊരു സംഭവവും മന്ത്രാലയം എടുത്തു കാണിക്കുന്നു.

ശ്രദ്ധിക്കുക…

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ബോധവൽക്കരണ കാമ്പെയ്‌നുകളും നിരീക്ഷണ ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ www.cybercrime.gov.in വഴിയോ അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പർ 1930 വഴിയോ റിപ്പോർട്ട് ചെയ്യണം.