Voter ID Address Change: വേറെ മണ്ഡലത്തിൽ വോട്ട് ചെയ്യണോ?; വോട്ടർ ഐഡിയിലെ അഡ്രസ് ഓൺലൈനായി മാറ്റാം
Address Change In Voter ID: വോട്ടർ ഐഡിയിലെ വിലാസം ഓൺലൈനായി വളരെ എളുപ്പം മാറ്റാനാവും. എങ്ങനെയാണ് ഇതെന്ന് നോക്കാം.
ഒരു സമയത്ത് ഒരു മണ്ഡലത്തിൽ മാത്രമേ ഒരാൾക്ക് വോട്ട് ചെയ്യാനാവൂ. എന്നാൽ, ഒരു മണ്ഡലത്തിൽ തന്നെ എപ്പോഴും വോട്ട് ചെയ്യണമെന്നില്ല. ഏത് മണ്ഡലത്തിലും വോട്ട് ചെയ്യാം. അതിന് ചില നടപടിക്രമങ്ങളുണ്ടെന്ന് മാത്രം. ഓൺലൈൻ ആയിത്തന്നെ നമുക്ക് ഇതൊക്കെ വളരെ എളുപ്പം ചെയ്യാനാവും.
നടപടിക്രമങ്ങൾ
വോട്ടർ ഐഡിയിലെ അഡ്രസ് മാറ്റുന്നതിനായി ഫോം 8 അല്ലെങ്കിൽ ഫോം 8എ പൂരിപ്പിക്കണം. താമസിക്കുന്ന അതേ മണ്ഡലത്തിൽ തന്നെ മറ്റൊരു വീട്ടിലേക്ക് മാറുകയാണെങ്കിൽ ഫോം 8എ പൂരിപ്പിക്കണം. രു മണ്ഡലത്തിൽ നിന്ന് മറ്റൊരു മണ്ഡലത്തിലേക്കാണ് താമസം മാറിയതെങ്കിൽ ഫോം 8 ആണ് പൂരിപ്പിക്കേണ്ടത്. നിങ്ങളുടെ പേര് പഴയ മണ്ഡലത്തിലെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പുതിയ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ചേർക്കാനും വേണ്ടിയുള്ള അപേക്ഷയാണ് ഇത്.
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് (voters.eci.gov.in) സന്ദർശിക്കുക. സൈറ്റിൽ ‘Shifting of Residence/Correction of Entries in Existing Electoral Roll’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നാണ് ഫോം 8 അല്ലെങ്കിൽ ഫോം 8എ തിരഞ്ഞെടുക്കേണ്ടത്. ഈ ഫോമിൽ പുതിയ വിലാസവും മറ്റ് വിവരങ്ങളും നൽകുക. പുതിയ വിലാസത്തിനായി വൈദ്യുതി ബില്ലോ മാറിയ വിലാസമുള്ള ആധാർ കാർഡോ പാസ്പോർട്ടോ തുടങ്ങി എന്തും നൽകാം. വാടകവീട്ടിലേക്കാണ് മാറുന്നതെങ്കിൽ വാടക കരാറിൻ്റെ പകർപ്പും നൽകണം. അപേക്ഷ സമർപ്പിച്ചാൽ ഒരു റഫറൻസ് നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ സ്ഥിതി അറിയാം.
ശേഷം
ഇത്രയും ചെയ്തുകഴിഞ്ഞാൽ ബാക്കി ചെയ്യേണ്ടത് ബന്ധപ്പെട്ട അധികൃതരാണ്. ഈ അഡ്രസ് വെരിഫൈ ചെയ്യേണ്ടത് അധികൃതരാണ്. ഇതിനായി പുതിയ അഡ്രസിലെ വീട് സന്ദർശിച്ചേക്കാം. അഡ്രസ് വെരിഫൈ ആയാൽ നിങ്ങളുടെ പേര് പുതിയ മണ്ഡലത്തിലേക്ക് മാറും. ഇക്കാര്യം നിങ്ങളെ അറിയിക്കുകയും ചെയ്യും.