Independence Day 2025: നാളെ ഈ വഴികൾ ഒഴിവാക്കിക്കോ, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ..
Independence Day 2025: ലേബൽ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പാർക്കിംഗ് ലേബലുകൾ ഇല്ലാത്ത വാഹനങ്ങൾ ഈ റോഡുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട തലസ്ഥാനനഗരിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഡൽഹി ട്രാഫിക് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിലേക്കുള്ള പല പ്രധാന റോഡുകളും അടച്ചിടും. ഓഗസ്റ്റ് 15ന് രാവിലെ 4 മണി മുതൽ 10 മണി വരെ ഡൽഹി ഗേറ്റ് മുതൽ സി. ഹെക്‌സഗൺ വരെയുള്ള നേതാജി സുഭാഷ് മാർഗ്, എച്ച്.സി. സെൻ മാർഗ് മുതൽ യമുന ബസാർ ചൗക്ക് വരെയുള്ള എസ്.പി. മുഖർജി മാർഗ്, ഫൗണ്ടൻ ചൗക്കിൽ നിന്ന് ചെങ്കോട്ടയിലേക്കുള്ള ചാന്ദ്‌നി ചൗക്ക് റോഡ്, റിംഗ് റോഡിലെ നിഷാദ് രാജ് മാർഗ് മുതൽ നേതാജി സുഭാഷ് മാർഗ് വരെപൊതുഗതാഗതത്തിനായി അടച്ചിടുന്നതാണ്.
കൂടാതെ എസ്പ്ലനേഡ് റോഡും നേതാജി സുഭാഷ് മാർഗിലേക്കുള്ള ലിങ്ക് റോഡിലും, രാജ്ഘട്ട് മുതൽ ഐ.എസ്.ബി.ടി. വരെയുള്ള റിംഗ് റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ റോഡുകളിൽ ലേബൽ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പാർക്കിംഗ് ലേബലുകൾ ഇല്ലാത്ത വാഹനങ്ങൾ ഈ റോഡുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.