Voter ID Correction: വോട്ടർ ഐഡിയിലെ പേരിൽ അക്ഷരത്തെറ്റുണ്ടോ? ഓൺലൈനായി എളുപ്പത്തിൽ തിരുത്താം
Correct a Misspelled name on your Voter ID online: ഓൺലൈൻ വഴി ചെയ്യാൻ സാധിക്കാത്തവർക്ക് അടുത്തുള്ള വോട്ടർ രജിസ്ട്രേഷൻ ഓഫീസിൽ പോയും ഫോം 8 പൂരിപ്പിച്ച് നൽകാം.
ന്യൂഡൽഹി: നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ പേരിൽ എന്തെങ്കിലും തെറ്റുണ്ടോ? എങ്കിൽ ഇനി എളുപ്പത്തിൽ വീട്ടിലിരുന്ന് തിരുത്താം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു എളുപ്പവഴി ഒരുക്കിയിട്ടുണ്ട്. ഇതിനായി ആദ്യം, നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് തുറക്കുക.
ഹോം പേജിൽ കാണുന്ന ‘ഫോം 8’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പർ നൽകി OTP വെരിഫിക്കേഷൻ പൂർത്തിയാക്കുക. ശേഷം നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ നൽകി വിവരങ്ങൾ പരിശോധിക്കാം. അടുത്തതായി, ‘Correction of Entries’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ശരിയായ പേര് നൽകുക.
പേര് ശരിയാണെന്ന് തെളിയിക്കുന്ന ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഏതെങ്കിലും ഒരു രേഖയുടെ വ്യക്തമായ കോപ്പി അപ്ലോഡ് ചെയ്യണം. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ഫോം സമർപ്പിക്കുക. അപ്പോൾ നിങ്ങൾക്ക് ഒരു റഫറൻസ് ഐഡി ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയാൻ സാധിക്കും.
അപേക്ഷ സമർപ്പിച്ച് ഏകദേശം 2 മുതൽ 4 ആഴ്ചയ്ക്കുള്ളിൽ തിരുത്തലുകൾ വോട്ടർ ഐഡിയിൽ രേഖപ്പെടുത്തുന്നതാണ്. ഓൺലൈൻ വഴി ചെയ്യാൻ സാധിക്കാത്തവർക്ക് അടുത്തുള്ള വോട്ടർ രജിസ്ട്രേഷൻ ഓഫീസിൽ പോയും ഫോം 8 പൂരിപ്പിച്ച് നൽകാം.