Chandrayaan-5: ചന്ദ്രയാൻ 5-ൽ ഇന്ത്യയും ജപ്പാനും കൈകോർക്കും; പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ
India And Japan Collaborate Chandrayaan-5 Mission: ചന്ദ്രയാൻ-5 ദൗത്യത്തിനായി ഐഎസ്ആർഒയും ജപ്പാൻ്റെ ജാക്സയുമാണ് ഒരുമിച്ച് സഹകരിക്കുന്നത്. ഇന്ത്യ നിർമ്മിച്ച ലാൻഡറും ജപ്പാൻ നിർമ്മിച്ച റോവറും ആയിരിക്കും ചാന്ദ്രയാൻ-5 ദൗത്യത്തിൽ ഉണ്ടാകുക.
ചാന്ദ്രയാൻ-5 ദൗത്യത്തിൽ ഇന്ത്യയും ജപ്പാനും കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്യോ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്. സാങ്കേതികവിദ്യയിലും ബഹിരാകാശ പര്യവേക്ഷണത്തിലും ഒന്നിച്ചുകൊണ്ട് പുരോഗതി കൈവരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധതയാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാൻ-5. ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ശാസ്ത്രീയ ധാരണ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ ഈ ദൗത്യത്തിലേക്ക് ഇറങ്ങുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വൈദഗ്ധ്യവും ഇരുരാജ്യങ്ങളും ഈ ദൗത്യത്തിലൂടെ പ്രയോജനപ്പെടുത്തും.
ഇന്ത്യ നിർമ്മിച്ച ലാൻഡറും ജപ്പാൻ നിർമ്മിച്ച റോവറും ആയിരിക്കും ചാന്ദ്രയാൻ-5 ദൗത്യത്തിൽ ഉണ്ടാകുക. ചന്ദ്രയാൻ-5 ദൗത്യത്തിനായി ഐഎസ്ആർഒയും ജപ്പാൻ്റെ ജാക്സയുമാണ് സഹകരിക്കുന്നത്. ഇതുവരെ ചന്ദ്രോപരിതലത്തിൽ വിന്യസിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ റോവർ ഇതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിക്ഷേപണവും ജപ്പാനിൽനിന്നാവുമെന്നാണ് റിപ്പോർട്ട്.
ചാന്ദ്രയാൻ-4 ന് ശേഷമായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക. ചന്ദ്രനിൽ നിന്ന് പാറകളും മണ്ണും തിരികെ കൊണ്ടുവരാനായി ഇന്ത്യ വികസിപ്പിക്കുന്ന ദൗത്യമാണ് ചാന്ദ്രയാൻ 4. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണവും സുരക്ഷാ സഹകരണവും ശക്തിപ്പെടുത്തുന്നതിൻ്റെ കൂടി അടയാളമാണ് ഈ പങ്കാളിത്തം.