AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India-UK Free Trade Pact: ചരിത്രനിമിഷം; സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും

India-UK Free Trade Pact Signed: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും. യുകെയിലേക്കുള്ള മിക്ക ഇന്ത്യന്‍ കയറ്റുമതികളുടെയും തീരുവ ഇല്ലാതാകും. ടെക്‌സ്റ്റൈല്‍, മരുന്ന്, തുകല്‍, കാര്‍ഷിക മേഖലകളിലടക്കം ഇത് ഗുണം ചെയ്യും

India-UK Free Trade Pact: ചരിത്രനിമിഷം; സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും
നരേന്ദ്ര മോദിയും കെയർ സ്റ്റാർമറുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Jul 2025 | 04:25 PM

ലണ്ടന്‍: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെയും സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യാപാര മന്ത്രി ജോനാഥൻ റെയ്നോൾഡ്സുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് അടക്കം ഇത് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഇനി ബ്രിട്ടീഷ് വിപണികളിൽ തീരുവ രഹിത പ്രവേശനം ലഭിക്കും.

യുകെയിലേക്കുള്ള മിക്ക ഇന്ത്യന്‍ കയറ്റുമതികളുടെയും തീരുവ ഇല്ലാതാകും. ടെക്‌സ്റ്റൈല്‍, മരുന്ന്, തുകല്‍, കാര്‍ഷിക മേഖലകളിലടക്കം ഇത് ഗുണം ചെയ്യും. കരാറിലെ ധാരണപ്രകാരം ബ്രിട്ടീഷ് വിപണികള്‍ ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാരേക്കാൾ മികച്ച നേട്ടങ്ങൾ ഇവിടുത്തെ കർഷകർക്ക് ലഭിക്കും. മഞ്ഞൾ, കുരുമുളക്, ഏലം, അച്ചാറുകൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയവയ്ക്ക്‌ യുകെ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബ്രിട്ടീഷ് വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതുപോലെ, യുകെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയും ഇതുപ്രകാരം കുറയ്ക്കാന്‍ ധാരണയായി. എന്നാല്‍ പാലുൽപ്പന്നങ്ങൾ, ആപ്പിൾ, ഓട്സ്, ഭക്ഷ്യ എണ്ണകൾ എന്നിവയ്ക്ക് താരിഫ് ഇളവുകൾ ഉണ്ടാകില്ല.

കേരളത്തിനും പ്രയോജനം

കേരളം അടക്കമുള്ള തീരദേശ സംസ്ഥാനങ്ങള്‍ക്കും മത്സ്യബന്ധന മേഖലയ്ക്കും കരാര്‍ പ്രയോജനകരമാണ്. വിവിധ മത്സ്യങ്ങള്‍ക്ക് യുകെയില്‍ നിലവില്‍ 4.2 ശതമാനം മുതല്‍ 8.5 ശതമാനം വരെയാണ് തീരുവ ചുമത്തുന്നത്. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഈ താരിഫുകള്‍ ഇല്ലാതാകും.

തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയും ഇനി എളുപ്പമാകും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെയും കാറുകളുടെയും വില കുറയും. മെഡിക്കൽ ഉപകരണങ്ങൾ പോലുള്ള ഇറക്കുമതികളുടെയും ഇന്ത്യയിൽ വില കുറയും.

വ്യാപാരത്തിനുള്ള ചെലവ് കുറയ്ക്കുകയും, ബിസിനസ് ചെയ്യാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് കരാര്‍ ഒപ്പിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ യുകെ നല്‍കുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. വ്യാപാര കരാറിനെ ചരിത്രപരമെന്നാണ് സ്റ്റാര്‍മര്‍ വിശേഷിപ്പിച്ചത്. ലണ്ടനിൽ നിന്ന് പ്രധാനമന്ത്രി മോദി മാലിദ്വീപിലേക്ക് പോകും. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം മാലിദ്വീപ് സന്ദര്‍ശിക്കുന്നത്.