ഖമനേയിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ; ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി
Foreign Secretary Vikram Misri meets Iranian envoy: ആയത്തുള്ള അലി ഖമനേയിയുടെ മരണത്തില്‍ ഇന്ത്യ അനുശോചിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തില്‍ ഇന്ത്യ അനുശോചിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാന്‍ സ്ഥാനപതിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. യുഎസിന്റെ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ശനിയാഴ്ചയാണ് ഖമനേയി കൊല്ലപ്പെട്ടത്.
നേരത്തെ, മധ്യേഷ്യയിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഇറാന്റെ പരമോന്നത നേതാവിന്റെ കൊലപാതകത്തില്‍ അനുശോചിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഖമനേയിയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഖമനേയി കൊല്ലപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇറാനിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നായിരുന്നു ട്രംപ് ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്.
#WATCH | Foreign Secretary Vikram Misri, on behalf of Government of India, signed the Condolence Book at the Embassy of Iran in New Delhi today, and offered condolences to the slain Supreme Leader of Iran Ayatollah Ali Khamenei. pic.twitter.com/A3IP2d0diX
— ANI (@ANI) March 5, 2026
വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ഇന്ത്യൻ മഹാസമുദ്രത്തിലെ സമീപകാല സംഭവവികാസങ്ങളെച്ചൊല്ലി ഇറാന്‍ അംബാസഡർ ഫതാലി അമേരിക്കയെ വിമർശിച്ചെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയ്ക്ക് സമീപം ഇറാനിയന്‍ കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു. അമേരിക്ക ഇതില്‍ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.