Trump India Tariffs 2025 : ‘നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം’; 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ വിമർശിച്ച് ഇന്ത്യ
ട്രംപിന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

Trump India Tariffs 2025
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 25 ശതമാനം കൂടി വര്‍ധിപ്പിച്ചത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ 50 ശതമാനമാണ് താരിഫ് വര്‍ധിപ്പിച്ചത്. ഇതിനു പിന്നാലെ ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ. ട്രംപിന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.
യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പുതിയ തീരുമാനം സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി. അടുത്ത 21 ദിവസത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതാണ് ട്രംപിനെ കൊണ്ട് പുതിയ നീക്കത്തിലേക്ക് എത്തിച്ചത്. യുക്രെയ്നുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം.
Also Read:ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും
ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യയും ഒന്നാമതായി. ഇരു രാജ്യങ്ങൾക്കും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. തൊട്ടുപിന്നാലെ സ്വിറ്റ്സർലൻഡാണ്. ഇവർക്ക് 39 ശതമാനവും കാനഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവും തീരുവ ചുമത്തുന്നുണ്ട്. പാകിസ്ഥാന് 19 ശതമാനവുമാണ് തീരുവ ചുമത്തുന്നത്.