AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uttarakhand Cloudburst: ഒറ്റപ്പെട്ടത് 12 ​ഗ്രാമങ്ങൾ; ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

Uttarakhand Cloudburst Rescue Operation: കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

Uttarakhand Cloudburst: ഒറ്റപ്പെട്ടത് 12 ​ഗ്രാമങ്ങൾ; ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു
Uttarakhand CloudburstImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 07 Aug 2025 06:54 AM

ഉത്തരകാശി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിലും (Uttarakhand Cloudburst) മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിന് കെടാവർ നായകളെ എത്തിക്കാനാണ് നീക്കം. 60 ലധികം പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് പ്രാഥമിക നി​ഗമനം. മലയാളികളായ 28 പേരും പ്രദേശത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയർ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗംഗോത്രിയിലെ ക്യാമ്പിലാണ് 28 പേരും. ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് മിന്നൽ പ്രളയത്തിൽ ഒറ്റപ്പെട്ടിരിക്കുന്നത്.

കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാതയും പലയിടത്തും തകർന്നവും വലിയ തടസമാണ്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് സംഘത്തെ കൂടി പ്രളയബാധിത മേഖലയിലേക്ക് എത്തിച്ചിട്ടുണ്ട്. ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങൾ അടക്കം മണ്ണിനടിയിലാണ്.

Also Read: എന്താണ് മേഘവിസ്ഫോടനം? ഉത്തരകാശിലുണ്ടായത് എങ്ങനെ?

ഇവിടെ തെരച്ചിൽ നടത്തുന്നതിന് കൂടുതൽ യന്ത്രസാമഗ്രികൾ കൊണ്ടുവരുകയും വേണം. ഗ്രാമത്തിൽ നിന്ന് നിരവധിപേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഹർഷിൽ ആർമി ക്യാമ്പിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഒമ്പത് സൈനികരെയും കാണാതായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദുരന്തസ്ഥലത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി താറുമാറായി.

ഉത്തരകാശിയിൽ ഇപ്പോഴും റെഡ് അലേർട്ട് തുടരുകയാണ്. സംസ്ഥാനം ഹെൽപ്പ്‌ലൈൻ നമ്പറുകൾ – 01374-222722, 7310913129, 7500737269, 0135-2710334, 2710335, 8218867005, 9058441404. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ നിന്ന് 190 പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബുധനാഴ്ച പറഞ്ഞു. ഗംഗോത്രി ധാമിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ നെലോങ് വാലി വഴി മാറ്റാൻ പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.