Weather Update: ഉത്തരേന്ത്യയിൽ ശൈത്യതരംഗം, ദക്ഷിണേന്ത്യയിൽ കനത്ത മഴ, പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് എത്തി
Cold Wave In The Northern states and Heavy Rain Warning In The South: ഉത്തരേന്ത്യയിലെ കാര്യമെടുത്താൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം രൂക്ഷമാണ്. ശരാശരി താപനില 5°C വരെ താഴ്ന്നിരിക്കുകയാണ് ഇവിടെ.
ന്യൂഡൽഹി: രാജ്യത്തിന്റെ വടക്കും തെക്കും രണ്ട് വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പിടിയിലാണ് ഇപ്പോൾ. ഉത്തരേന്ത്യ കൊടുംതണുപ്പിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തെത്തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കാരണം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകും. തമിഴ്‌നാട്, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത ഉള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട് (ചിലപ്പോൾ 50 കി.മീ വരെ) എന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇതെത്തുടർന്ന് ജനുവരി 10 വരെ തമിഴ്‌നാട് തീരത്തും മന്നാർ ഗൾഫിലും കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
കൊടുംതണുപ്പിൽ ഉത്തരേന്ത്യ
ഉത്തരേന്ത്യയിലെ കാര്യമെടുത്താൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം രൂക്ഷമാണ്. ശരാശരി താപനില 5°C വരെ താഴ്ന്നിരിക്കുകയാണ് ഇവിടെ. കടുത്ത കാറ്റ് വീശുന്നതിനാൽ ‘റിയൽ ഫീൽ’ തണുപ്പ് ഇതിലും കൂടുതലാണ്. ഇത് കുട്ടികൾക്കും പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കനത്ത മൂടൽമഞ്ഞ് മൂലം ഗതാഗതം താറുമാറായി. കാൺപൂർ, ആഗ്ര, ലഖ്‌നൗ തുടങ്ങി 15 ജില്ലകളിൽ അതിശൈത്യം തുടരുന്നു. നോയിഡ, വാരണാസി എന്നിവിടങ്ങളിൽ ജൂനിയർ ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു.
പാനിപ്പത്ത്, ഗുരുഗ്രാം എന്നിവിടങ്ങളിൽ അതിശൈത്യത്തിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. പാറ്റ്‌ന, ഗയ ഉൾപ്പെടെ 19 ജില്ലകളിൽ കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി കുറഞ്ഞു. റാഞ്ചിയിൽ രാത്രികാല താപനില 7°C മുതൽ 9°C വരെയായി താഴ്ന്നു.