Viral bride : വിവാഹ വസ്ത്രത്തിൽ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സംരംഭക, സ്റ്റാർട്ടപ്പ് സമ്മർദ്ദങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട സംഭവം ഇതാ
Indian Bride Works on Laptop During Wedding: സ്റ്റാർട്ടപ്പ് മേഖലയിലെ കടുത്ത ജോലിഭാരത്തെയും സമ്മർദ്ദത്തെയും കുറിച്ചുള്ള വലിയ സംവാദങ്ങൾക്കാണ് ഈ ചിത്രം തുടക്കമിട്ടിരിക്കുന്നത്.

Viral Bride
ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം ഒരു വധുവിന്റെ ചിത്രമാണ്. ചുവന്ന വിവാഹ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, വിവാഹവേദിയിൽ ഇരുന്നുകൊണ്ട് ലാപ്ടോപ്പിൽ ഗൗരവമായി ജോലി ചെയ്യുന്ന ഇന്ത്യൻ സംരംഭകയുടെ ചിത്രം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. എഐ സ്റ്റാർട്ടപ്പായ കോയൽ എഐയുടെ സഹസ്ഥാപകയും സിടിഒയുമായ ഗൗരി വിവാഹ വസ്ത്രത്തിൽ തന്നെ കമ്പനി സോഫ്റ്റ്‌വെയറിലെ ഗുരുതരമായ ഒരു പിശക് പരിഹരിക്കുന്ന ചിത്രമായിരുന്നു ഇത്. ഗൗരിയുടെ സഹോദരനും ബിസിനസ് പങ്കാളിയുമായ മെഹുൽ അഗർവാളാണ് ചിത്രം പങ്കുവെച്ചത്.
സ്റ്റാർട്ടപ്പ് മേഖലയിലെ കടുത്ത ജോലിഭാരത്തെയും സമ്മർദ്ദത്തെയും കുറിച്ചുള്ള വലിയ സംവാദങ്ങൾക്കാണ് ഈ ചിത്രം തുടക്കമിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ എടുത്ത യുവതിയുടെ ചിത്രമാണ് പുറത്തുവന്നത്. ജോലിയിലെ തിരക്ക് കാരണം വിവാഹ ദിവസം പോലും അവധി ലഭിക്കാത്ത സാഹചര്യമാണോ ഇതെന്ന് പലരും ചോദിക്കുന്നു.
സ്വന്തമായി സംരംഭം നടത്തുന്നവർ നേരിടുന്ന ’24/7′ വർക്ക് കൾച്ചറിന്റെ പ്രതിഫലനമാണ് ഇതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഒരു സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കുമ്പോൾ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നു എന്നതിന് തെളിവായി ഈ ചിത്രം ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചിത്രത്തിന് താഴെ നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. ഒരു സംരംഭകയുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഒരു വിഭാഗം പ്രശംസിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ പോലും സ്വസ്ഥത നൽകാത്ത സ്റ്റാർട്ടപ്പ് സംസ്കാരം അപകടകരമാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഈ യുവതിയുടെ ചിത്രത്തോടൊപ്പം തന്നെ, മുൻപ് ലാപ്ടോപ്പുമായി കല്യാണ പന്തലിൽ ഇരുന്ന വരന്മാരുടെ ചിത്രങ്ങളും ഇതിനോടകം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.