Covid In India: കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഗർഭിണി ഉൾപ്പെടെ നാല് മരണം
India's Active Covid-19 Cases: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. സജീവമായ അണുബാധകളുടെ എണ്ണം 6,000 ത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളും മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

Covid
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 391 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 5,755 ആയി ഉയർന്നു. ഇതേ കാലയളവിൽ രാജ്യത്ത് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശനിയാഴ്ച രാവിലെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളും മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരിച്ചവരിൽ ഒമ്പത് മാസം ഗർഭിണിയായ 45 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. മറ്റ് മൂന്ന് പേർ ഹൈപ്പോതൈറോയിഡിസം, ശ്വസന സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ മുൻ ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായവരായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. സജീവമായ അണുബാധകളുടെ എണ്ണം 6,000 ത്തോട് അടുക്കുകയാണ്. LF.7, XFG, JN.1, അടുത്തിടെ കണ്ടെത്തിയ NB.1.8.1 സബ് വേരിയന്റ് എന്നിവയുൾപ്പെടെയുള്ള പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമായിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ ന്യൂഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമുണ്ട്.
കേരളത്തിൽ നിലവിൽ 1806 കോവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (577), ഗുജറാത്ത് (717), ഡൽഹി (622), പശ്ചിമ ബംഗാൾ (538), കർണാടക (444), തമിഴ്നാട് (194) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ.
കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് പിന്നാലെ, ഓക്സിജനും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.