Train Theft: ബാഗില്‍ 35 ലക്ഷത്തിന്റെ ആഭരണങ്ങളുമായി 73കാരിയുടെ ട്രെയിന്‍ യാത്ര; എല്ലാം കള്ളന്‍ കൊണ്ടുപോയി
Jewellery and cash stolen from moving train near Lonavala in Maharashtra: രാവിലെ 7.30-ഓടെ ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് മോഷണം പോയ വിവരമറിയുന്നത്. ബാഗില്‍ വജ്രമാല, ബ്രേസ്‌ലെറ്റ്, സ്വര്‍ണാഭരണങ്ങള്‍, വാച്ച്, 50000 രൂപ തുടങ്ങിയവ ഉണ്ടായിരുന്നു. ബാഗിന് തൊട്ടടുത്താണ് ഉറങ്ങിയതെങ്കിലും അതിവിദഗ്ധമായി പ്രതി അത് മോഷ്ടിക്കുകയായിരുന്നു
മുംബൈ: ട്രെയിനില്‍ വച്ച് 35 ലക്ഷം രൂപയോളം അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയിലായി. മുംബൈ ചെമ്പൂര്‍ സ്വദേശിയായ മഹേഷ് അരുണ്‍ ഘാഗ് (വിക്കി) ആണ് അറസ്റ്റിലായത്. 22944 ഇൻഡോർ-ഡൗണ്ട് എക്സ്പ്രസിലാണ് മോഷണം നടന്നത്. 35.45 ലക്ഷം വിലമതിക്കുന്ന വജ്രവും സ്വർണ്ണാഭരണങ്ങളും പണവും ഉൾപ്പെട്ട ബാഗാണ് പ്രതി മോഷ്ടിച്ചത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), ലോക്കൽ ക്രൈം ബ്രാഞ്ച് (എൽസിബി) എന്നിവർ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 48 മണിക്കൂറിനുള്ളില്‍ പ്രതി വലയിലായി.
ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ ട്രെയിനിലെ എ2 കോച്ചില്‍ യാത്ര ചെയ്തിരുന്ന 73കാരിയുടെ ബാഗാണ് പ്രതി മോഷ്ടിച്ചത്. ഇന്‍ഡോര്‍ സ്വദേശിനിയായ ഇവര്‍ ഭര്‍ത്താവിനൊപ്പം മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഒരു മതപരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം.
പിറ്റേന്ന് രാവിലെ 7.30-ഓടെ ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് മോഷണം പോയ വിവരമറിയുന്നത്. ബാഗില്‍ വജ്രമാല, ബ്രേസ്‌ലെറ്റ്, സ്വര്‍ണാഭരണങ്ങള്‍, വാച്ച്, 50000 രൂപ തുടങ്ങിയവ ഉണ്ടായിരുന്നു. ബാഗിന് തൊട്ടടുത്താണ് ഉറങ്ങിയതെങ്കിലും അതിവിദഗ്ധമായി പ്രതി അത് മോഷ്ടിക്കുകയായിരുന്നു. മോഷണവിവരം അറിഞ്ഞയുടന്‍ അവര്‍ റെയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പറായ 139ല്‍ വിളിച്ചു.




തുടര്‍ന്ന് ലോണാവാലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇൻഡോർ, ഉജ്ജൈൻ, കല്യാൺ, വസായ് റോഡ്, രത്ലം, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കല്യാണ്‍ സ്‌റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു യുവാവ് കടന്നുപോയത് അന്വേഷണസംഘം കണ്ടെത്തി.
കൂടുതല്‍ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. സമാനമായ കേസില്‍ പിടിയിലായ പ്രതി 15 ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷണം പോയ മുഴുവന്‍ വസ്തുക്കളും കണ്ടെടുത്തു. പിന്നീട് ആഭരണങ്ങള്‍ 73കാരിക്ക് തിരികെ നല്‍കി.