AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Justice Surya Kant: കുരുക്ഷേത്രയില്‍ തുടങ്ങിയ ‘നിയമ’യാത്ര എത്തിനില്‍ക്കുന്നത് ചീഫ് ജസ്റ്റിസ് പദവിയില്‍; ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

All You Need To Know About Justice Surya Kant: 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു

Justice Surya Kant: കുരുക്ഷേത്രയില്‍ തുടങ്ങിയ ‘നിയമ’യാത്ര എത്തിനില്‍ക്കുന്നത് ചീഫ് ജസ്റ്റിസ് പദവിയില്‍; ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
Justice Surya KantImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 24 Nov 2025 10:39 AM

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യം ചര്‍ച്ച ചെയ്ത നിരവധി സുപ്രധാന വിധികള്‍. അതിലെല്ലാം പങ്കാളിയായതിന്റെ അനുഭവം കൈമുതലാക്കിയാണ്  ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റത്. ആർട്ടിക്കിൾ 370, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് സ്പൈവെയർ കേസ് തുടങ്ങിയ നിരവധി സുപ്രീം കോടതി വിധികളില്‍ ജസ്റ്റിസ് സൂര്യകാന്ത് ഭാഗമായിരുന്നു.

നിയമസഭകള്‍ പാസാക്കിയ ബില്ലുകളിൽ ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾ പരിശോധിച്ച പ്രസിഡൻഷ്യൽ റഫറൻസ് കേസിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. 63-ാം വയസിലാണ് ചീഫ് ജസ്റ്റിസ് പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2027 ഫെബ്രുവരി ഒമ്പത് വരെ അദ്ദേഹം ഈ പദവിയില്‍ തുടരും.

ഹരിയാനയിലെ ഹിസാറിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സൂര്യകാന്തിനെ നിയമമേഖലയോടുള്ള അഭിനിവേശവും, കഠിനാധ്വാനവുമാണ് ചീഫ് ജസ്റ്റിസ് പദവിയിലെത്തിച്ചത്. 1962 ഫെബ്രുവരി 10നായിരുന്നു ജനനം. 2011 ൽ കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയതോടെയാണ് ജസ്റ്റിസ് സൂര്യകാന്ത് തന്റെ ‘നിയമ’യാത്ര തുടങ്ങിയത്. ഉന്നത റാങ്കോടെയാണ് അദ്ദേഹം നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

ഒരു ചെറിയ പട്ടണത്തിൽ അഭിഭാഷകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000 ജൂലൈയിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം നിയമിതനായി. 2001 ൽ സീനിയര്‍ അഡ്വക്കേറ്റായി. പിന്നീട് പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ ഭാഗമായി. 2004 ജനുവരി 9 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി.

Also Read: CEPA Trade Agreement: സാമ്പത്തിക പങ്കാളിത്ത കരാറില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നു; ഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിച്ചേക്കും

2018 ഒക്ടോബര്‍ അഞ്ചിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മെയ് 24നാണ് സുപ്രീം കോടതിയിലെത്തുന്നത്. 2024 നവംബർ മുതൽ സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി ബാർ അസോസിയേഷൻ ഉൾപ്പെടെ എല്ലാ ബാർ അസോസിയേഷനുകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന സുപ്രധാന വിധി ജസ്റ്റിസ് സൂര്യകാന്തിന്റേതായിരുന്നു.

കേസുകളുടെ എണ്ണം കുറയ്ക്കും

സുപ്രീം കോടതിയിലും രാജ്യത്തുടനീളമുള്ള കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ചുമതലയേൽക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലാ, സബോർഡിനേറ്റ് കോടതികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനായി എല്ലാ ഹൈക്കോടതികളുമായും ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.