TVK Stampede: കരൂർ ദുരന്തം മനുഷ്യനിർമ്മിതം, നേതാവായ വിജയ് അപ്രത്യക്ഷനായി. ജനങ്ങളെ സഹായിക്കാൻ ആരും ഉണ്ടായില്ല… മദ്രാസ് ഹൈക്കോടതി
Karur Stampede Was 'Man-Made; Leader Vijay Absent: "കുട്ടികളും സ്ത്രീകളും മരിച്ചു കിടക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പ്രവൃത്തിയെ അതിശക്തമായി കോടതി അപലപിക്കുന്നു. ഒരു പശ്ചാത്താപം പോലും പാർട്ടി പ്രകടിപ്പിച്ചില്ല," കോടതി കൂട്ടിച്ചേർത്തു.
ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂരിലെ ദുരന്തം മനുഷ്യനിർമ്മിതമാണ് എന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ടിവികെ നേതാവും നടനുമായ വിജയ്ക്കെതിരേയും പാർട്ടിക്കെതിരെയും കോടതി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നോർത്ത് സോൺ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. സംഭവസ്ഥലത്തുണ്ടായ ജീവഹാനിക്ക് ഉത്തരവാദികൾ ആരാണെന്ന് കോടതി ആരാഞ്ഞു. കേസിൽ രണ്ടുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സെന്തിൽ കുമാർ നടത്തിയ വിമർശനങ്ങൾ ഇങ്ങനെ:
“ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണ്. കോടതിക്ക് കണ്ണടച്ചിരിക്കാനും മൂകസാക്ഷിയാകാനുമാകില്ല. ലോകം മുഴുവൻ ഇതിന് സാക്ഷിയാണ്. സംഘാടകർ എന്ന നിലയിൽ ഒരു ഉത്തരവാദിത്വം ഇല്ലേ?” തന്നെ കാണാനായി തടിച്ചുകൂടിയ നിരപരാധികളായ ജനങ്ങളെ ഉപേക്ഷിച്ച് വിജയ് അപ്രത്യക്ഷനായി, മാഞ്ഞുപോയി. ജനങ്ങളെ സഹായിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. “ഇതൊരു നേതാവിന്റെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ദുരന്തം കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയി.”
ബസ് നിർത്തിയില്ല, സർക്കാർ കരുണ കാണിക്കുന്നു
ക്യാമ്പയിൻ ബസിന്റെ ടയറിനടിയിൽ ഇരുചക്രവാഹനം പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പരാമർശിച്ച കോടതി, അപകടം നടന്നിട്ടും ബസ് നിർത്താതിരുന്നത് കേവലമൊരു ആക്സിഡന്റ് അല്ലെന്നും, എന്തുകൊണ്ട് അത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തില്ല എന്നും ചോദിച്ചു. പരിപാടിയുടെ സംഘാടകരോട് സർക്കാർ കരുണ കാണിക്കുന്നതായി തോന്നുന്നുവെന്നും കോടതി വിമർശിച്ചു.
പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം
സംഭവസ്ഥലത്ത് നിന്ന് പാർട്ടിയിലുള്ള എല്ലാവരും ഓടിപ്പോയതിനേയും പാർട്ടി നേതാവ് അപ്രത്യക്ഷനായതിനേയും കോടതി അതിശക്തമായി അപലപിച്ചു. “കുട്ടികളും സ്ത്രീകളും മരിച്ചു കിടക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പ്രവൃത്തിയെ അതിശക്തമായി കോടതി അപലപിക്കുന്നു. ഒരു പശ്ചാത്താപം പോലും പാർട്ടി പ്രകടിപ്പിച്ചില്ല,” കോടതി കൂട്ടിച്ചേർത്തു.