TJS George Passes Away: പ്രമുഖ മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു
TJS George Passes Away: വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ബെംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം.
പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് 2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം 2019 ൽ ലഭിച്ചു. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
1928 മേയ് ഏഴിന് പത്തനംതിട്ടയിലെ തുമ്പമണിലാണ് ജനനം. മജിസ്ട്രേറ്റ് ആയിരുന്ന ടിടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായാണ് ടി.ജെ. എസ്. ജോര്‍ജ് ജനിച്ചത്. തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. ശേഷം മുംബൈയിൽ പത്രപ്രവർത്തകനായി ജോലി നോക്കുകയായിരുന്നു. 1950 ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തകനായിരുന്നു. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ് സെർച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
1956 -ൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെബി സഹായിയെ എതിർത്തതിനു അദ്ദേഹം ജയിലിലടയ്ക്കപെട്ടു. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് അദ്ദേഹം. തന്റെ പത്രപ്രവർത്തക ജീവിതത്തെ അടിസ്ഥാനമാക്കി ഘോഷയാത്ര എന്ന പേരിൽ പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.