കേരളത്തിന് ആശങ്ക? കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ കേന്ദ്രം
Western Ghats Final Notification Soon: What It Means for Kerala, Karnataka, and Other States: പരിസ്ഥിതിലോല പ്രദേശമായിപ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുതിയ ക്വാറികൾ, ഖനനം, മണലെടുപ്പ് എന്നിവയ്ക്ക് ഈ പ്രദേശങ്ങളിൽ പൂർണ്ണമായ നിരോധനമുണ്ടാകും. കൂടാതെ, വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ, വൻകിട താപവൈദ്യുത നിലയങ്ങൾ, മലിനീകരണത്തിന് കാരണമാകുന്ന റെഡ് കാറ്റഗറി വ്യവസായങ്ങൾ എന്നിവയ്ക്കും ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതി ലഭിക്കില്ല.
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തിൽ തർക്കങ്ങൾ കുറവുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഈ അന്തിമ വിജ്ഞാപനം നടപ്പിലാക്കാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നീക്കം. വർഷങ്ങളായി നീണ്ടുനിൽക്കുന്ന ചർച്ചകൾക്കും സംസ്ഥാനങ്ങളുടെ എതിർപ്പുകൾക്കും ഒടുവിലാണ് കേന്ദ്ര സർക്കാർ ഈ നിർണ്ണായക തീരുമാനത്തിലേക്ക് കടക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ വിജ്ഞാപനം ബാധകമാവുക എന്നാണ് സൂചന. പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഈ മൂന്ന് സംസ്ഥാനങ്ങക്ക് ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ലിസ്റ്റിലെ ആറാമത്തെ സംസ്ഥാനമായ തമിഴ്നാടാകട്ടെ കാര്യമായ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ല. തമിഴ് നാട്ടിൽ 6914 സ്ക്വയർ കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയിരിക്കുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ചെറുതാണ്.
Also Read: Tushar Mehta: കേന്ദ്രത്തിന്റെ നിർണായക തീരുമാനം; സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരും
അതേസമയം കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പുകൾ ഉന്നയിച്ചിട്ടുള്ളതിനാൽ, ഇവിടങ്ങളിലെ വിജ്ഞാപനം മാറ്റിവച്ചേക്കും. കൂടുതൽ ചർച്ചകൾക്കും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള നടപടികൾക്കും ശേഷം മാത്രമേ കേരളത്തിൽ അന്തിമ തീരുമാനം എടുക്കാൻ സാധ്യതയുള്ളൂ എന്നാണ് വിവരം.
നിയന്ത്രണങ്ങൾ എന്തെല്ലാം?
പരിസ്ഥിതിലോല പ്രദേശമായിപ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുതിയ ക്വാറികൾ, ഖനനം, മണലെടുപ്പ് എന്നിവയ്ക്ക് ഈ പ്രദേശങ്ങളിൽ പൂർണ്ണമായ നിരോധനമുണ്ടാകും. കൂടാതെ, വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ, വൻകിട താപവൈദ്യുത നിലയങ്ങൾ, മലിനീകരണത്തിന് കാരണമാകുന്ന റെഡ് കാറ്റഗറി വ്യവസായങ്ങൾ എന്നിവയ്ക്കും ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതി ലഭിക്കില്ല.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പും, വിവാദങ്ങളും
ജൈവവൈവിധ്യത്തിൻ്റെ കാര്യത്തിൽ പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഈ പ്രദേശത്തിൻ്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി നിയമിച്ച കെ. കസ്തൂരിരംഗൻ പാനൽ, ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 59,940 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തത്. ഗുജറാത്ത് മുതൽ തമിഴ്‌നാട് വരെ നീണ്ടുകിടക്കുന്നതാണ് ഈ പ്രദേശം.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഈ റിപ്പോർട്ട് വിവാദങ്ങളുടെ നിഴലിലാണ്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് വിവിധ സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യം. ഇതിനാൽ കരട് വിജ്ഞാപനം പലതവണ പുതുക്കിയിറക്കേണ്ടി വന്നു. ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൻ്റെ കാലാവധി അവസാനിക്കാനിരിക്കെയാണ്, പ്രശ്നങ്ങളില്ലാത്ത സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നത്.
English Summary
The central government is preparing to issue the final notification declaring Eco-Sensitive Areas (ESA) in the Western Ghats for at least three states. States with ongoing disputes, like Kerala and Karnataka, will be excluded from this initial phase. Based on the Kasturirangan panel report, the notification will ban mining, quarrying, and highly polluting industries in these fragile regions without affecting local daily life or agriculture.