Narendra Modi: വികസനം, സുരക്ഷ, സമൃദ്ധി…കടല്‍ വഴി എല്ലാം നേടും; നാവിക കപ്പലുകള്‍ കമ്മീഷന്‍ ചെയ്ത് മോദി
Made-in-India Naval Warships Commissioned by PM Narendra Modi: കരുത്തുറ്റ സമുദ്രശക്തിയായി മാറുന്നതിന് ഇന്ത്യയുടെ പുതിയ നാവിക കപ്പലുകള്‍ ആക്കംകൂട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. ആഗോള വ്യാപാരം, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയിലൂടെയുള്ള വികസനത്തിന് സമുദ്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മൂന്ന് നാവിക കപ്പലുകള്‍ കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎന്‍എസ് ദുനഗിരി, ഐഎന്‍എസ് സന്‍ഷോധക്, ഐഎന്‍എസ് അഗ്രേ എന്നിങ്ങനെ മൂന്ന് കപ്പലുകളാണ് നാടിന് സമര്‍പ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ സമുദ്രശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്ത് വെച്ചായിരുന്നു കമ്മീഷനിങ് ചടങ്ങ്.
കരുത്തുറ്റ സമുദ്രശക്തിയായി മാറുന്നതിന് ഇന്ത്യയുടെ പുതിയ നാവിക കപ്പലുകള്‍ ആക്കംകൂട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. ആഗോള വ്യാപാരം, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയിലൂടെയുള്ള വികസനത്തിന് സമുദ്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ദിവസമാണ് ഇന്ന്. ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. ഈ ദിനത്തില്‍ ബംഗാള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. ഇന്ത്യയുടെ ആശയങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ, ഇന്ത്യയുടെ നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്ന, ഇന്ത്യയിലെ നൂറ്റാണ്ടുകളായി കടല്‍ വഴി ലോകവുമായി ബന്ധിപ്പിച്ച നാടാണിത്.
സ്വയംപര്യാപ്തമായ ഇന്ത്യ, സുരക്ഷിത ഇന്ത്യ, വികസിത ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ന് ഈ നാട്ടില്‍ ഒരു പ്രധാന സംഭവം നടന്നു. ഐഎന്‍എസ് അഗ്രേ, ഐഎന്‍എസ് ദുനഗിരി, ഐഎന്‍എസ് സന്‍ഷോധക് എന്നീ മൂന്ന് കപ്പലുകളെ നാവികസേനയുടെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്, ചടങ്ങില്‍ മോദി പറഞ്ഞു.
എല്ലാ മേഖലയിലും ഇന്ത്യ സ്രഷ്ടാവ് എന്ന നിലയിലേക്ക് വളരാന്‍ ആഗ്രഹിക്കുന്നു. സ്രഷ്ടാവ് എന്ന നിലയില്‍ വളരെ നിര്‍ണായകമായ പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ സാധിക്കും. അത്തരമൊരു ദിശയിലേക്ക് ഇന്ന് നമ്മള്‍ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ 40-ലധികം ഇന്ത്യന്‍ നിര്‍മ്മിത യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നാവികസേനയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അതായത്, ഓരോ ആഴ്ചയിലും ഇന്ത്യന്‍ നാവികസേന കൂടുതല്‍ കരുത്തുറ്റതാകുന്നു. നിലവില്‍ 45 വലിയ നാവിക പ്ലാറ്റ്‌ഫോമുകള്‍ നിര്‍മാണത്തിലാണ്. ഇത് വെറുമൊരു സംഖ്യയല്ല, ഇന്ത്യയുടെ വ്യാവസായിക ശേഷി എത്രത്തോളമുണ്ടെന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്ര ശേഷിയില്ലാതെ ഒരു രാജ്യത്തിനും വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. വികസനം, സുരക്ഷ, സമൃദ്ധി എന്നിവ സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഈ ലോകത്ത് നടക്കുന്ന ഭൂരിഭാഗം വ്യാപാരവും കടല്‍ വഴിയാണ് സംഭവിക്കുന്നത്. ലോകത്തെ ബന്ധിപ്പിക്കുന്ന വിശാലമായ ഡാറ്റ ശൃംഖലകള്‍ കടലിന് അടയിലൂടെ പോകുന്നു. ഭാവിയില്‍ നിര്‍ണായകമായ ധാതുക്കള്‍, ആഴക്കടലില്‍ നിന്നുള്ള വിഭവങ്ങള്‍, പുതിയ ഊര്‍ജ്ജ സ്രോതസുകള്‍ എന്നിവയും കടല്‍ വഴി കൈമാറ്റം ചെയ്‌തേക്കാം, എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത പുതിയ നാവിക കപ്പലുകള്‍, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനിയേഴ്‌സ് ആണ് നിര്‍മിച്ചത്. കപ്പലുകളുടെ 75 ശതമാനം ഭാഗവും തദ്ദേശീയമായി വികസപ്പിച്ചതാണ്. കൂടാതെ 200-ലധികം എംഎസ്എംഇകളുടെ പങ്കാളിത്തവും ഉള്‍പ്പെടുന്നു.
English Summary
Prime Minister Narendra Modi commissioned three indigenously designed and built naval warships, marking a significant step in strengthening India’s maritime and defence capabilities.