Kedarnath: ആ പുണ്യമുഹൂര്‍ത്തത്തിന് ഇനി രണ്ട് ദിനങ്ങള്‍ മാത്രം ബാക്കി; 51 ക്വിൻ്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാര്‍നാഥ് ക്ഷേത്രം
Kedarnath Temple: കേദാര്‍നാഥ് ക്ഷേത്രകവാടങ്ങള്‍ ഏപ്രില്‍ 22-ന് തുറക്കും. തയ്യാറെടുപ്പുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ഭരണകൂടം. തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പ്രദേശത്ത് വലിയ ആവേശമാണ്. നിരവധി ഭക്തര്‍ എത്തുന്നുമുണ്ട്. 51 ക്വിന്റല്‍ പുഷ്പങ്ങള്‍ കൊണ്ട് ക്ഷേത്രമാകെ അലങ്കരിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ വൈറലാണ്.
രുദ്രപ്രയാഗ്: കേദാര്‍നാഥ് ക്ഷേത്രകവാടങ്ങള്‍ ഏപ്രില്‍ 22-ന് ഭക്തര്‍ക്കായി തുറക്കും. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. 51 ക്വിന്റല്‍ പുഷ്പങ്ങള്‍ കൊണ്ട് ക്ഷേത്രമാകെ അലങ്കരിച്ചിരിക്കുകയാണ്. ഏപ്രിൽ 22 ന് രാവിലെ 8 മണിക്കാണ് ക്ഷേത്രകവാടങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നത്. വേദമന്ത്രോച്ചാരണങ്ങൾക്കും, പരമ്പരാഗത ആചാരങ്ങൾക്കും അനുസൃതമായാകും നട തുറക്കുന്നത്.
തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പ്രദേശത്ത് വലിയ ആവേശമാണെന്ന് വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ഭരണകൂടം.
പ്രൗഢഗംഭീരമായ ചടങ്ങുകള്‍
കേദാർനാഥിലെ ആചാരപരമായ വിഗ്രഹം (ഉത്സവ് ഡോളി) ഉഖീമഠിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ നിന്നും പ്രൗഢഗംഭീരവും പരമ്പരാഗതവുമായ ആചാരങ്ങൾക്ക് ശേഷം പുറപ്പെടും. ക്ഷേത്രപരിസരം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ധാരാളം ഭക്തർ എത്തുന്നുണ്ട്.
പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്ന ക്ഷേത്രം-വീഡിയോ കാണാം
VIDEO | Kedarnath Temple is getting adorned with 51 quintal of flowers ahead of the opening of portals scheduled for April 22.#KedarnathTemple #CharDhamYatra pic.twitter.com/XXAyGgR0mV
— Press Trust of India (@PTI_News) April 20, 2026
നാളെ (ഏപ്രില്‍ 21) ഉത്സവ് ഡോളി ഗൗരികുണ്ഡിൽ നിന്ന് പുറപ്പെട്ട് കേദാര്‍നാഥ് ക്ഷേത്രത്തിലെത്തും. തുടർന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിക്കും. ഏപ്രിൽ 22 ന് രാവിലെ 8-മണിക്ക് ഭക്തർക്കായി ക്ഷേത്ര വാതിലുകൾ തുറക്കുകയും ചെയ്യും.
Also Read: Thrissur Pooram 2026: തൃശ്ശൂർ പൂരം എന്നാണ്; പ്രധാന ചടങ്ങുകളും തീയതികളും അറിയാം
നിര്‍ദ്ദേശം നല്‍കി
2026-ലെ ചാർ ധാം യാത്ര സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും നിര്‍ദ്ദേശം നല്‍കി. തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പുലർച്ചെ 4 മണി മുതൽ രാത്രി 10 മണി വരെ യാത്രാ അനുമതിയുണ്ടാകും. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെയുള്ള സമയത്ത് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.
രജിസ്ട്രേഷൻ
തീർത്ഥാടനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ സേവനങ്ങൾ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകർക്ക് ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഹരിദ്വാറിലെ ഋഷികുൽ ഗ്രൗണ്ടിൽ രജിസ്ട്രേഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഋഷികേശിലും ഡെറാഡൂണിലെ വികാസ് നഗറിലും പ്രത്യേക രജിസ്ട്രേഷൻ കൗണ്ടറുകൾ ഉണ്ട്.
ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുവായ തിരിച്ചറിയൽ രേഖകൾ രജിസ്‌ട്രേഷന് വേണ്ടി തീര്‍ത്ഥാടകര്‍ കൊണ്ടുവരണം. രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്ക് ഒരു ക്യുആർ കോഡ് ഉൾക്കൊള്ളുന്ന പാസ് ലഭിക്കും.