Vande Bharat: കേരളത്തിൽ മൂന്നിടങ്ങളിൽ; ഉത്തർപ്രദേശിൽ ഏഴിടത്ത്: വന്ദേഭാരത് സർവീസ് നടത്തുന്ന പ്രധാന നഗരങ്ങൾ
Vande Bharat Service Cities: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ഏറ്റവുമധികമുള്ളത് ഉത്തർപ്രദേശിലാണ്. കേരളത്തിൽ മൂന്നിടങ്ങളിൽ വന്ദേഭാരത് ഉണ്ട്.

വന്ദേഭാരത്
രാജ്യത്തിൻ്റെ ഹ്രസ്വദൂര ട്രെയിൻ സംസ്കാരത്തിൽ വന്ദേഭാരത് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. വിവിധ നഗരങ്ങളിൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ മൂന്നിടങ്ങളിലാണ് വന്ദേഭാരത് പ്രധാനമായും സർവീസ് നടത്തുന്നത്. അതേസമയം, ഉത്തർപ്രദേശിൽ ഏഴിടങ്ങളിൽ സർവീസുണ്ട്. വന്ദേഭാരത് സർവീസ് നടത്തുന്ന പ്രധാന നഗരങ്ങൾ പരിശോധിക്കാം.
കേരളത്തിൽ എറണാകുളവും തിരുവനന്തപുരവും കാസർഗോഡുമാണ് വന്ദേഭാരത് സർവീസ് നടത്തുന്ന നഗരങ്ങൾ. ആകെ അങ്ങോട്ടും ഇങ്ങോട്ടും ആറ് സർവീസുകൾ. ഒന്നാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ ഏഴ് നഗരങ്ങൾ വന്ദേഭാരത് നെറ്റ്‌വർക്കിൽ ഉൾപ്പെടുന്നു. ലഖ്നൗ, വാരണാസി, ഗോരഖ്പൂർ, അയോധ്യ, മീററ്റ്, ആഗ്ര, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. ആറ് നഗരങ്ങളുള്ള മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്. മുംബൈ, ബാന്ദ്ര, നാഗ്പൂർ, പൂനെ, ജൽന, സോളാപൂർ, സായ്നഗർ ഷിർദി എന്നിവയാണ് നഗരങ്ങൾ.
Also Read: Vande Bharat Sleeper Train: വരുന്നൂ! കേരളത്തിലും വന്ദേ ഭാരത് സ്ലീപർ ട്രെയിനുകൾ
ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഞ്ച് നഗരങ്ങളുമായി തമിഴ്നാടും നാല് നഗരങ്ങളുമായി കർണാടകയും. അസം, ഝാർഖണ്ഡ്, ഹരിയാന, ജമ്മു കശ്മീർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് നഗരങ്ങളിൽ മാത്രമാണ് വന്ദേഭാരത് സർവീസുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ വന്ദേഭാരത് സർവീസ് ഇല്ല. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, ദാമൻ ദിയു, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും വന്ദേഭാരത് ഇല്ല.
വന്ദേഭാരതിന് പിന്നാലെ ദീർഘദൂര യാത്രയ്ക്കായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കും. 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ ഓട്ടം തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൊൽക്കത്ത – ഗുവാഹത്തി റൂട്ടിലാണ് ആദ്യ സർവീസ്.