Malegaon Blast Case: പ്രതികൾക്കെതിരെ തെളിവില്ലെന്ന് കോടതി; മലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാ സിംഗ് അടക്കം എല്ലാവരെയും വെറുതെവിട്ടു
NIA Court Acquited All Accused In Malegaon Blast Case: മലേഗാവ് സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം വെറുതെവിട്ടു. ബിജെപി നേതാവ് പ്രജ്ഞാ സിംഗ് താക്കൂർ അടക്കമുള്ളവരെയാണ് എൻഐഎ കോടതി വെറുതെവിട്ടത്.

പ്രജ്ഞാ സിംഗ് താക്കൂർ
മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. ബിജെപി നേതാവ് പ്രജ്ഞാ സിംഗ് താക്കൂറും ലഫ്റ്റനൻ്റ് കേണൽ പുരോഹിതും അടക്കമുള്ളവരെയാണ് എൻഐഎ കോടതി വെറുതെവിട്ടത്. 2008 സെപ്തംബർ 29നാണ് മലേഗാവ് സ്ഫോടനം നടന്നത്. നാസിക്കിലെ മലേഗാവിലുള്ള ഒരു മുസ്ലിം പള്ളിയ്ക്ക് സമീപം ബൈക്കിൽ കെട്ടിവച്ചിരുന്ന ബോംബ് പൊട്ടി ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
17 വർഷങ്ങൾക്ക് ശേഷമാണ് മലേഗാവ് സ്ഫോടനക്കേസിൽ വിധി വരുന്നത്. സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. പ്രതിപ്പട്ടികയിൽ ബിജെപി മുൻ എംപി പ്രജ്ഞാ സിംഗ് താക്കൂറും മുൻ സൈനികനായ ലഫ്റ്റനൻ്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതും അടക്കമുള്ളവർ ഉൾപ്പെട്ടിരുന്നു.
പുണ്യമാസമായ റമദാനിൽ 2008 സെപ്തംബർ 29 രാത്രിയായിരുന്നു സ്ഫോടനം നടന്നത്. ഭിക്കു ചൗകിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രതികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രത്യേക എൻഐഎ കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സംശയത്തിൻ്റെ ആനുകൂല്യം മുൻനിർത്തി ഏഴ് പ്രതികളെയും വെറുതെവിടുകയാണെന്നും കോടതി പറഞ്ഞു.
ബിജെപിയുടെ ഭോപ്പാൽ മുൻ എംപി പ്രജ്ഞാ സിംഗ് താക്കൂർ, സൈന്യത്തിൻ്റെ ഇൻ്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ലഫ്റ്റനൻ്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവർക്കൊപ്പം റിട്ടയേർഡ് മേജർ രമേഷ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയിരുന്നു.