Man Shot Live-In Partner: നടുറോഡിൽ വച്ച് കാമുകിയെ വെടിവച്ച് കൊന്ന് യുവാവ്; പോലീസിന് നേരെയും തോക്കുചൂണ്ടി
Man Shoots Live In Partner on Gwalior Road: മൂന്ന് പ്രാവശ്യമാണ് അരവിന്ദ് നന്ദിനിക്ക് നേരെ വെടിയുതിർത്തത്. അതിന് ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് അരികിലിരുന്ന അരവിന്ദ് ചുറ്റും നിന്നവരെയെല്ലാം തോക്ക് ഉയർത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി.

പ്രതീകാത്മക ചിത്രം
മധ്യപ്രദേശ്: ഗ്വാളിയോറിൽ നടുറോഡിൽ വച്ച് കാമുകിയെ വെടിവെച്ചു കൊന്ന യുവാവ് അറസ്റ്റിൽ. രൂപ് സിംഗ് സ്‌റ്റേഡിയത്തിന് മുന്നിൽ വെച്ചാണ് അരവിന്ദ് ലിവ്-ഇൻ പങ്കാളിയായ നന്ദിനിയുടെ മുഖത്തേയ്ക്ക് വെടിയുതിർത്തത്. റോഡിന്റെ നടുവിൽ തടഞ്ഞുനിർത്തിയ ശേഷം പിസ്റ്റലെടുത്ത് മുഖത്തേക്ക് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മൂന്ന് പ്രാവശ്യമാണ് അരവിന്ദ് നന്ദിനിക്ക് നേരെ വെടിയുതിർത്തത്. അതിന് ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് അരികിലിരുന്ന അരവിന്ദ് ചുറ്റും നിന്നവരെയെല്ലാം തോക്ക് ഉയർത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ കണ്ടുനിന്നവരിൽ പലരും അവിടെ നിന്നും ഓടിപോയി. ഈ വഴിയുള്ള ഗതാഗതവും ഏറെ നേരത്തേക്ക് സ്തംഭിച്ചിരുന്നു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസിന് നേരെയും അരവിന്ദ് തോക്കുചൂടി. ഇതോടെ പ്രതിക്ക് നേരെ പോലീസ് കണ്ണീവാതകം പ്രയോഗിക്കുകയായിരുന്നു.
പിടിവലിക്കൊടുവിൽ കീഴ്പ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ പക്കൽ നിന്നും തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം അന്വേഷണം നടത്തി വരികയാണെന്ന് സിഎസ്പി നാഗേന്ദ്ര സിംഗ് സിക്കാർവാർ അറിയിച്ചു. കോൺട്രാക്ടറായി ജോലി ചെയ്യുന്ന അരവിന്ദ് ഏറെ നാളുകളായി നന്ദിനിയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്.
എന്നാൽ, നേരത്തെ വിവാഹം കഴിച്ച് മക്കൾ ഉള്ള വിവരം അരവിന്ദ് നന്ദിനിയിൽ നിന്ന് മറച്ചുവെച്ചിരുന്നു. തന്നെ വഞ്ചിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹത്തിന് ശേഷം തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ചൂണ്ടികാണിച്ച് നന്ദിനി പലതവണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒൻപതാം തീയതിയും നന്ദിനി അരവിന്ദിനെതിരെ എസ്പി ഓഫീസിൽ പരാതി നൽകിയിരുന്നതായാണ് വിവരം.