Manipur Massive Raid: മണിപ്പൂരിൽ വൻ റെയിഡ്; എകെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
203 Illegal Guns Recovered in Manipur: മണിപ്പൂരിലെ മലയോര ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിലാണ് 203ലധികം ആയുധങ്ങൾ, ഗ്രനേഡുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.

ഇംഫാൽ: മണിപ്പൂരിൽ പോലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ വമ്പൻ റെയ്‌ഡിൽ എകെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്നലെയും ഇന്നുമായി നാല് മലയോര ജില്ലകളിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ആയുധ ശേഖരത്തിൽ എകെ 47 സീരീസിലുള്ളതും 21 ഇൻസാസ് റൈഫിളുകളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മണിപ്പൂരിലെ മലയോര ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിലാണ് 203ലധികം ആയുധങ്ങൾ, ഗ്രനേഡുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ജൂലൈ 3ന് അർദ്ധരാത്രി മുതൽ ജൂലൈ 4ന് രാവിലെ നീളുന്നതായിരുന്നു ഓപ്പറേഷൻ. മണിപ്പുർ പോലീസ്, അസം റൈഫിൾസ്, ഇന്ത്യൻ ആർമി, കേന്ദ്ര സായുധ പോലീസ് സേന എന്നിവയുടെ സംയുക്ത ടീമുകളാണ് പരിശോധന നടത്തിയത്.
ടെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്‌പൂർ എന്നീ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ 21 ഇൻസാസ് റൈഫിളുകൾ, 11 എ കെ. സീരീസ് റൈഫിളുകൾ, 26 സെൽഫ് ലോഡിങ് റൈഫിളുകൾ, 2 സ്നൈപ്പർ റൈഫിളുകൾ, 3 കാർബൈനുകൾ, 17 .303 റൈഫിളുകൾ, 3 എം 79 ഗ്രനേഡ് ലോഞ്ചറുകൾ, 30 ഐ ഇ ഡി കൾ, 10 ഗ്രനേഡുകൾ, 109 വിവിധ തരം വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്തു. മണിപ്പൂർ പോലീസ് ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: ബിഇഎംഎല്‍ കെജിഎഫിൽ ഹൈടെക് പ്രതിരോധ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു
മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങളിൽ ഇതുവരെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. പലരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷാ സേനകൾ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി തുടർച്ചയായി തിരച്ചിൽ നടത്തിവരുന്നത്. പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും മണിപ്പൂർ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അനധികൃത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സെൻട്രൽ കൺട്രോൾ റൂമിലോ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.