Narendra Modi Argentina Visit: 57 വർഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ, ഗംഭീര സ്വീകരണം
PM Narendra Modi's Historic Visit to Argentina: പ്രധാനമന്ത്രി മോദിയുടെ രണ്ടാം അർജന്റീന സന്ദർശനമാണിത്. നേരത്തെ 2018ല്‍ ജി 20 ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു.

ബ്യൂണസ് അയേഴ്‌സ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിൽ. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്യൂണസ് അയേഴ്‌സിലെത്തിയ മോദിക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം അര്‍ജന്റീന പ്രസിഡന്റ് ജാവിയർ മിലിയുമായി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി അർജന്റീനയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
പ്രധാനമന്ത്രി മോദിയുടെ രണ്ടാം അർജന്റീന സന്ദർശനമാണിത്. നേരത്തെ 2018ല്‍ ജി 20 ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിൽ ഇന്ത്യ – അർജന്റീന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ജാവിയർ മിലിയുമായി നരേന്ദ്ര മോദി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി അർജന്റീനയിൽ എത്തിയത്. ‘ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ’ ഏറ്റുവാങ്ങിയ പ്രധാനമന്ത്രി കരീബിയന്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവ് എന്ന നേട്ടം സ്വന്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനായി ആറ് കരാറുകളില്‍ ഒപ്പുവച്ചു. സന്ദര്‍ശനത്തിന്റെ നാലാം പാദത്തില്‍, 17-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ബ്രസീലിലേക്ക് പോകും. അതിന് പിന്നാലെ നമീബിയയും സന്ദര്‍ശിക്കും.