Kurnool Murder Case: വീണ്ടും മേഘാലയ ഹണിമൂൺ മോഡൽ കൊലപാതകം; വധുവും അമ്മയും അറസ്റ്റിൽ, കാമുകൻ ഒളിവിൽ
Meghalaya Honeymoon Murder Case Echo Kurnool: മെയ് 18 നാണ് ഐശ്വര്യയും തേജേശ്വറും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാൽ വിവാഹ നിശ്ചയത്തിന് മുമ്പ് ഐശ്വര്യ ബാങ്ക് ജീവനക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപോയിരുന്നു. എന്നാൽ പിന്നീട് സ്ത്രീധനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മൂലം സ്വന്തം വീട്ടിലേക്ക് അവർ തിരികെ മടങ്ങിയെത്തുകയായിരുന്നു.
മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൻ്റെ ഞെട്ടൽ മാറും മുമ്പേ, വീണ്ടും മറ്റൊരു വരൻ്റെ മരണം. ആന്ധ്രാ പ്രദേശിലെ കുർണൂലിലാണ് ദാരുണമായി സംഭവം അരങ്ങേറിയിരിക്കുന്നത്. 32 വയസുകാരനായ തേജേശ്വറിൻ്റെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തിൽ നവവധുവും അവരുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട ബാങ്ക് ജീവനക്കാരനായ മൂന്നാമതൊരാൾ ഒളിവിലാണ്.
കൊലപാതകം ആസൂത്രണം ചെയ്തെന്നാരോപിച്ചാണ് ഐശ്വര്യയെയും അമ്മ സുജാതയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐശ്വര്യമായുള്ള വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് തേജേശ്വറിനെ കാണാതാവുന്നത്. പിന്നീട് കുർണൂലിൽ നിന്ന് 40 കിലോമീറ്റർ അകലെയായി കഴുത്തിലും ശരീരത്തിലും വെട്ടേറ്റ നിലയിൽ തേജേശ്വറിനെ കണ്ടെത്തുകയായിരുന്നു. റവന്യൂ വകുപ്പിലെ ജീവനക്കാരനായിരുന്ന തേജേസ്വർ. തേജേശ്വറിന്റെ ഭാര്യ ഐശ്വര്യ കർണൂൽ സ്വദേശിയായ ഒരു ബാങ്ക് ജീവനക്കാരനുമായി പ്രണയത്തിലായിരുന്നുവെന്നാണ് തേജേശ്വറിന്റെ കുടുംബം ആരോപിക്കുന്നത്.
മെയ് 18 നാണ് ഐശ്വര്യയും തേജേശ്വറും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാൽ വിവാഹ നിശ്ചയത്തിന് മുമ്പ് ഐശ്വര്യ ബാങ്ക് ജീവനക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപോയിരുന്നു. എന്നാൽ പിന്നീട് സ്ത്രീധനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ മൂലം സ്വന്തം വീട്ടിലേക്ക് അവർ തിരികെ മടങ്ങിയെത്തുകയായിരുന്നു. താൻ ഒരു സുഹൃത്തിനെ കാണാൻ പോയതെന്നാണ് ഐശ്വര്യ അന്ന് വീട്ടിൽ ധരിപ്പിച്ചത്. പിന്നീട് വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് തേജേസ്വറുമായുള്ള വിവാഹം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ വിവാഹ ശേഷം തേജേസ്വറിന് വിവാഹ ശേഷം ഐശ്വര്യയിൽ ചില സംശയങ്ങൾ തോന്നിയിരുന്നു. നിരന്തരം ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും തേജേസ്വറുമായി അകന്ന് നിന്നതായും കുടുംബം ആരോപിക്കുന്നു. വിവാഹത്തിന് ശേഷവും ഐശ്വര്യയും ബാങ്ക് ജീവനക്കാരിയും തമ്മിൽ 2,000-ത്തിലധികം ഫോൺകോളുകൾ വിളിച്ചതായി കോൾ ഡാറ്റ റെക്കോർഡുകൾ വ്യക്തമാക്കുന്നു. ബാങ്ക് ജീവനക്കാരനായ സുഹൃത്ത് തേജേസ്വറിനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ നിയമിച്ചതായും കുടുംബം ആരോപിക്കുന്നു.
പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ഗൂഢാലോചനയിൽ തങ്ങളുടെ പങ്ക് ഐശ്വര്യയും സുജാതയും സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ഒളിവിൽ പോയ ബാങ്ക് ജീവനക്കാരനും കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കും വേണ്ടി തിരച്ചിൽ തുടരുകയാണ്. ഗൂഢാലോചനയുടെ പൂർണ്ണ വ്യാപ്തി കണ്ടെത്തുന്നതിനായി സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.