Monkeys Snatch Sleeping Infant: ഉറങ്ങിക്കിടന്ന കുഞ്ഞിനെ കുരങ്ങന്മാർ എടുത്തുകൊണ്ടുപോയി; രണ്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Monkeys Snatch Sleeping Infant in Uttar Pradesh: വീടിനുള്ളിൽ കട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്മാർ വെള്ളം നിറഞ്ഞ ഡ്രമ്മിലിട്ട് കൊലപ്പെടുത്തിയത്.
ലഖ്‌നൗ: വീട്ടിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കുരങ്ങന്മാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. വീടിനുള്ളിൽ കട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്മാർ വെള്ളം നിറഞ്ഞ ഡ്രമ്മിലിട്ട് കൊലപ്പെടുത്തിയത്. വീട്ടുകാർ ജോലി ചെയ്യുന്നതിനിടെയാണ് കുരങ്ങന്മാർ കുട്ടിയെ എടുത്തുകൊണ്ട് പോയത്. ഇതിന് പിന്നാലെ, പ്രദേശത്തെ കുരങ്ങു ശല്യം നിയന്ത്രിക്കണം എന്ന ആവശ്യപ്പെട്ടു കൊണ്ട് ഗ്രാമവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കുഞ്ഞിന്റെ കരച്ചിൽ കേട്ടതിന് പിന്നാലെ ആദ്യം വീട്ടുകാർ വീടിനകത്ത് പോയി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വീടിന് പുറത്തും ടെറസിലും പരിശോധിച്ചു. ഈ സമയത്താണ് ടെറസിലെ വെള്ളം നിറച്ച ഡ്രമ്മിനകത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വിവരം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മരണകാരണം ഇനിയും വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം കുടുംബത്തിന് വിട്ടുനൽകും.
ALSO READ: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 20 വർഷം തടവ്
പ്രദേശത്ത് കുരങ്ങു ശല്യം കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. എല്ലാ ദിവസവും മനുഷ്യർ കുരങ്ങന്മാരിൽ നിന്ന് ആക്രമണം നേരിടുന്നുണ്ടെന്നാണ് പറയുന്നത്. വിഷയത്തിൽ വനം വകുപ്പും സർക്കാരും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കുരങ്ങുശല്യം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ഇപ്പോഴത്തെ ആവശ്യം.