Namma Metro: നമ്മ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തുന്നു; 2027ല്‍ 175 കിലോമീറ്റര്‍ കടക്കും
Bengaluru Metro Expansion: 2027 അവസാനത്തോടെ ബെംഗളൂരു വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ തയാറാകും. 2027ല്‍ ഏകദേശം 175 കിലോമീറ്റര്‍ നീളമുണ്ടാകും മെട്രോയ്ക്ക്. നിലവില്‍ ബെംഗളൂരു കടുത്ത ഗതാഗത കുരുക്കിലൂടെയാണ് കടന്നുപോകുന്നത്.
ബെംഗളൂരു: നമ്മ മെട്രോ ശൃംഖല 96 കിലോമീറ്ററില്‍ നിന്ന് 225 കിലോമീറ്ററിലേക്ക് ഉയര്‍ത്തുമെന്ന് ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍ ജെ രവിശങ്കര്‍. 2027 ആകുമ്പോഴേക്കും 175 കിലോമീറ്ററും 2030 ആകുമ്പോള്‍ 225 കിലോമീറ്ററുമായി ശൃംഖല വ്യാപിക്കുമെന്ന് ശേഷാദ്രിപുരത്ത് അപ്പോളോ ആശുപത്രിയുടെ ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് യൂണിറ്റ് ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു.
നമ്മ മെട്രോ 2011ല്‍ വെറും 6.7 കിലോമീറ്റര്‍ മാത്രമായിരുന്നു. 2025 ഓഗസ്റ്റില്‍ യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്തതോടെ 96 കിലോമീറ്റര്‍ എന്ന ലക്ഷ്യത്തിലേക്ക് തങ്ങളെത്തി. അടുത്ത വര്‍ഷം പിങ്ക് ലൈന്‍ 7.5 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കും. 13.5 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയും ഉണ്ടാകുന്നതാണ്. ആകെ 21 കിലോമീറ്റര്‍ പാതയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2027 അവസാനത്തോടെ ബെംഗളൂരു വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ തയാറാകും. 2027ല്‍ ഏകദേശം 175 കിലോമീറ്റര്‍ നീളമുണ്ടാകും മെട്രോയ്ക്ക്. നിലവില്‍ ബെംഗളൂരു കടുത്ത ഗതാഗത കുരുക്കിലൂടെയാണ് കടന്നുപോകുന്നത്. സബര്‍ബന്‍ റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ മെട്രോയ്ക്കും വലിയ പങ്കുവഹിക്കാനാകുമെന്നും എംഡി കൂട്ടിച്ചേര്‍ത്തു.




അതേസമയം, നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആറാം ട്രെയിനിന്റെ മൂന്ന് കോച്ചുകളെത്തി. കോച്ചുകള്‍ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാക്കിയുള്ള കോച്ചുകള്‍ ഈ ആഴ്ചയില്‍ തന്നെ എത്തുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ നിന്നാണ് കോച്ചുകളെത്തുന്നത്.
Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വമ്പന്‍ പ്രഖ്യാപനം നടത്തി ബിഎംആര്‍സിഎല്‍
കോച്ചുകള്‍ എത്താന്‍ വൈകുന്നത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലും കാലതാമസം വരുത്തും. കോച്ചുകള്‍ പൂര്‍ണമായും എത്തി വിവിധ പരിശോധനകള്‍ക്ക് ശേഷമേ സര്‍വീസ് ആരംഭിക്കൂ, അതിന് ഏകദേശം ഒരു മാസത്തോളം സമയം വേണ്ടിവരും. അതിനാല്‍ തന്നെ ഡിസംബര്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം.