Viral video: റൺവേയിൽ തീപ്പൊരി ചിതറി നാസ വിമാനത്തിന്റെ ലാൻഡിംഗ്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
NASA WB-57 Research Aircraft Makes Emergency Belly Landing : വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരാണെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഹൂസ്റ്റൺ: സാങ്കേതിക തകരാറിനെത്തുടർന്ന് നാസയുടെ അതീവ സുരക്ഷയുള്ള ഗവേഷണ വിമാനം ടെക്സസിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ലാൻഡിംഗ് ഗിയറുകൾ പ്രവർത്തനരഹിതമായതിനെത്തുടർന്ന് വിമാനത്തിന്റെ അടിഭാഗം റൺവേയിൽ ഉരസിയാണ് ലാൻഡ് ചെയ്തത്. പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഹൂസ്റ്റണിലെ എലിംഗ്ടൺ എയർപോർട്ടിലായിരുന്നു സംഭവം.
നാസയുടെ ശാസ്ത്ര പര്യവേഷണങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന WB-57 എന്ന ഹൈ-ആൾട്ടിറ്റ്യൂഡ് ഗവേഷണ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ലാൻഡിംഗ് ഗിയറുകൾ വിന്യസിക്കുന്നതിൽ യന്ത്രത്തകരാർ അനുഭവപ്പെടുകയായിരുന്നു. ലാൻഡിങ്ങിനിടെ വലിയ തോതിലുള്ള തീപ്പൊരിയും പുകയും ഉയർന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിമാനം റൺവേയിലൂടെ നിരങ്ങി നീങ്ങുന്നതും പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ എത്തുന്നതും കാണാം.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും പരിക്കേൽക്കാതെ സുരക്ഷിതരാണെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 1970-കൾ മുതൽ നാസയുടെ ശാസ്ത്ര ദൗത്യങ്ങളുടെ ഭാഗമാണ് ഈ വിമാനം. ഭൂമിയിൽ നിന്ന് വളരെ ഉയർന്ന തലത്തിൽ സഞ്ചരിക്കാനും ആറ് മണിക്കൂറിലധികം തുടർച്ചയായി പറക്കാനും ശേഷിയുള്ളതാണ് WB-57. വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്.