Chhattisgarh Naxal Attack: ഛത്തീസ്ഗഢിൽ നക്‌സൽ ആക്രമണം; മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
Naxal Attack In Chhattisgarh: നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.

Naxal attack in Chhattisgarh. (Represental Image)
റായ്പൂർ: ഛത്തീസ്ഗഢിൽ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു. ഷൈലേന്ദ്ര (29), തിരുവനന്തപുരം പാലോട് സ്വദേശയായ വിഷ്ണു ആർ (35) എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. സ്ഫോടനത്തിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. മൃതദേഹം വനത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
ALSO READ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
ഈ മാസം ആദ്യം ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓർച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയത്. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ. ഇവരെ ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഏപ്രിലിൽ ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 15 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.