New Traffic Rules: മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കില്‍ ഇനി ‘കളി’ മാറും; വരുന്നുണ്ട് വന്‍ പണി
Strict New Traffic Rules Ahead: നിയമലംഘകര്‍ ഉടനടി ചലാന്‍ സ്വീകരിച്ച് പണം നല്‍കുകയോ അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുകയോ വേണമെന്ന് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു

പ്രതീകാത്മക ചിത്രം
ഗതാഗത നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. നിയമലംഘകര്‍ ഉടനടി ചലാന്‍ സ്വീകരിച്ച് പണം നല്‍കുകയോ അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുകയോ വേണമെന്ന് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുടിശ്ശിക തീർക്കുന്നത് വരെ ലൈസന്‍സോ അല്ലെങ്കില്‍ വാഹന രജിസ്‌ട്രേഷനുമായോ ബന്ധപ്പെട്ട ഒരു അപേക്ഷകളും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പ്രോസസ് ചെയ്യില്ല.
വാഹൻ, സാരഥി പോർട്ടലുകളിൽ അത്തരം വാഹനങ്ങളെയും ഡ്രൈവിങ് ലൈസൻസ് ഉടമകളെയും പ്രത്യേകം നോട്ട് ചെയ്യും. കുടിശിക വേഗം തീര്‍ക്കാന്‍ നിയമലംഘകരെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ചലാനുകള്‍ക്കെതിരായ ഒബ്ജക്ഷനുകള്‍ അറിയിക്കാനും, കുടിശിക തീര്‍പ്പാക്കിയതിന് ശേഷം പെന്‍ഡിങ് പേയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പേരുകള്‍ ഉടനടി നീക്കം ചെയ്യാനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ചലാന്‍ ലഭിക്കുന്നത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് പോര്‍ട്ടലിലൂടെ തെളിവുകള്‍ ഹാജരാക്കാമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്നും, കുടിശിക തീര്‍ന്നതിനു ശേഷവും പെന്‍ഡിങ് പേയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പ്രസ്തുത വ്യക്തിയുടെ പേര് നീക്കം ചെയ്തില്ലെങ്കില്‍ അതോറിറ്റിയില്‍ നിന്ന് പിഴ ഈടാക്കുന്ന വ്യവസ്ഥ വേണമെന്നും ആവശ്യമുയരുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർക്കോ സംസ്ഥാന സർക്കാരുകൾ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്കോ നേരിട്ട് ചലാൻ നല്‍കാം. ഈ ചലാനുകൾ 15 ദിവസത്തിനുള്ളിൽ നേരിട്ടോ അല്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് രീതിയിലോ നല്‍കണം.
45 ദിവസത്തിനുള്ളില്‍ ഒബ്ജക്ഷന്‍ അറിയിച്ചില്ലെങ്കില്‍ ആ ചലാന്‍ സ്വീകരിച്ചതായി കണക്കാക്കും. 30 ദിവസത്തിനുള്ളില്‍ അതോറിറ്റിക്ക് ചലാനില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ വരികയോ, അല്ലെങ്കില്‍ പ്രത്യേക കാരണങ്ങളാല്‍ ചലാന്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കില്ല.
പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത് 30 ദിവസത്തിനുള്ളിൽ ഹർജിക്കാരന് ഉത്തരവ് സ്വീകരിച്ച് പിഴ അടയ്ക്കാവുന്നതാണ്. അടയ്ക്കാം. അല്ലെങ്കില്‍ പിഴ തുകയുടെ അമ്പത് ശതമാനം കെട്ടിവച്ച് കോടതിയില്‍ അപേക്ഷ നല്‍കാം. അല്ലാത്തപക്ഷം, ചലാന്‍ സ്വീകരിച്ചതായി കണക്കാക്കും.