Nimisha Priya: നിമിഷപ്രിയയുടെ മോചനത്തിന് ധനസഹായം; സോഷ്യൽ മീഡിയ പോസ്റ്റ് വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം
MEA On Nimisha Priya Case: നിമിഷപ്രിയയുടെ മോചനത്തിന് ധനസഹായം ആവശ്യപ്പെട്ടുള്ള എക്സ് പോസ്റ്റ് വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഫാക്ട് ചെക്ക് ടീമാണ് ഇതറിയിച്ചത്.

നിമിഷ പ്രിയ
യമൻ ജയിലിൽ നിന്നുള്ള നിമിഷപ്രിയയുടെ മോചനത്തിന് ധനസഹായം ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. സുവിശേഷകനായ ഡോ. കെഎ പോൾ എന്നയാളാണ് കേന്ദ്ര സർക്കാരിൻ്റെ അക്കൗണ്ടെന്ന വ്യാജേന തൻ്റെ എക്സ് ഹാൻഡിലിൽ ധനസഹായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് വ്യാജമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്ട് ചെക്ക് ടീം അറിയിച്ചത്.
ഓഗസ്റ്റ് 19നാണ് കെഎ പോൾ പോസ്റ്റ് പങ്കുവച്ചത്. ‘സേവ് നിമിഷ പ്രിയ’ എന്ന എന്ന മുദ്രാവാക്യത്തോടൊപ്പം ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ പോസ്റ്ററായി പങ്കുവെക്കുകയായിരുന്നു. നിമിഷപ്രിയയുടെ സർക്കാർ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകുക. നമുക്ക് വേണ്ടത് 8.3 കോടി രൂപയാണെന്ന് ഇയാൾ കുറിച്ചു. പോസ്റ്ററിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ബാങ്ക് അക്കൗണ്ടെന്നാണ് എഴുതിയിരിക്കുന്നത്.
എക്സ് പോസ്റ്റ്
We have seen claims being made on social media seeking monetary contributions into a GoI designated bank account in the Nimisha Priya case. This is a fake claim.https://t.co/stxeFevl64 pic.twitter.com/4gQGIO4gvP
— MEA FactCheck (@MEAFactCheck) August 19, 2025
എന്നാൽ, ഈ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം ഫാക്ട് ചെക്ക് ടീം അക്കൗണ്ട് വ്യാജമാണെന്ന് കുറിച്ചു. ‘നിമിഷപ്രിയ കേസിൽ സർക്കാർ ബാങ്ക് അക്കൗണ്ടെന്ന വ്യാജേന ധനസഹായം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് വ്യാജ അവകാശവാദമാണ്.’- ഫാക്ട് ചെക്ക് ടീം കുറിച്ചു.
തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചിരുന്നു. യമനിലെ പണ്ഡിതന്മാരുമായി നല്ല ബന്ധമുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇവരുമായുള്ള ചർച്ചയുടെ ഓരോ അപ്ഡേറ്റും സർക്കാരുമായി പങ്കുവച്ചിരുന്നു. സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു.
2017ൽ യമൻ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്ത കേസിലാണ് നിമിഷപ്രിയ തടവിൽ കഴിയുന്നത്. ഇവർക്കെതിരെ വധശിക്ഷ വിധിച്ചിരിക്കുകയാണ്.