Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം, ഇത് ഭീകർക്കുള്ള താക്കീത്’; രാജ്‌നാഥ് സിംഗ്
Rajnath Singh on Operation Sindoor: റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച രാജ്‌നാഥ് സിംഗ് സിവിലിയൻ മേഖലകളെ അക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സൈനിക ശക്തിയുടെ ക്ഷമത ലോകം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പലയിടങ്ങളിലും ആക്രമണം നടത്തി. ഇതിന് മുൻപും ഇന്ത്യ പാകിസ്ഥാനിൽ കടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. ഇത് ഭീകരർക്കുള്ള ശക്തമായ താക്കീത് ആണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച രാജ്‌നാഥ് സിംഗ് സിവിലിയൻ മേഖലകളെ അക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സൈനിക ശക്തിയുടെ ക്ഷമത ലോകം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. നൽകിയ ഉത്തരവാദിത്തങ്ങൾ വ്യോമസേന നിറവേറ്റിയെന്നും കൂടുതൽ വിശദീകരണം യഥാസമയം നടത്തുമെന്നും അവാസ്തവമായ പ്രചാരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും വ്യോമസേന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
‘ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നൽകിയ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ വ്യോമസേന വിജയകരമായി നിറവേറ്റി. രാജ്യത്തിൻറെ മൂല്യങ്ങൾ മുറുകെപ്പിടിച്ചും വിവേചന പൂർവവുമായാണ് കർത്തവ്യം നിറവേറ്റിയത്. ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ ഘട്ടങ്ങളിൽ യഥാസമയം കൂടുതൽ വിശദീകരണം നൽകും. ഊഹാപോഹങ്ങളിൽ നിന്നും അവാസ്തവമായ വിവരങ്ങളിൽ നിന്നും മാറി നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ – വ്യോമസേന പ്രസ്താവനയിലൂടെ പറഞ്ഞു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയിൽ എത്തിയ ശേഷവും പാകിസ്ഥാൻ ഷെല്ലാക്രമണം തുടർന്നെങ്കിലും നിലവിൽ ഇന്ത്യയുടെ അതിർത്തികളിൽ സ്ഥിതി ശാന്തമാണ്, കശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, അതിർത്തികളിലെ ജനജീവിതം സാധാരണഗതിയിലായി. എന്നാൽ, പഞ്ചാബിലും അമൃത്സറിലും രാവിലെ നിയന്ത്രണം തുടർന്നെങ്കിലും പിന്നീട് പിൻവലിച്ചു. അതേസമയം, കശ്മീരിലെ ഷോപ്പിയാനിലും കുൽഗാമിലും ഭീകരബന്ധമുള്ള കേസിൽ സംസ്ഥാന അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തി വരികയാണ്.