Crime News: കാറിനുള്ളിലെ കൂട്ട മരണത്തിന് ചുരുളഴിഞ്ഞു; പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
പ്രവീണിന് ഹിമാചൽ പ്രദേശിലൊരു സ്ക്രാപ്പ് ഫാക്ടറിയുണ്ടായിരുന്നു. പിന്നീടിത് നഷ്ടത്തിലായി ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ പ്രവീൺ പഞ്ച്കുള വിട്ട് ഡെറാഡൂണിലേക്ക് മാറി
പഞ്ച്കുള: ഹരിയാനയിലെ പാഞ്ച് കുളയിൽ ഒരു കുടുംബത്തിലെ ആറുപേർ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത ഒടുവിൽ ചുരുളഴിയുന്നു. ഹരിയാന സ്വദേശികളായ പ്രവീൺ മിത്തൽ ഇയാളുടെ ഭാര്യ, മാതാപിതാക്കൾ, മൂന്ന് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണിൻ്റെ കുടുബത്തിന് 20 കോടിയുടെ കടബാധ്യത ഉണ്ടായിരുന്നെന്നും കടം അടക്കാൻ കഴിയാതെയാണ് ഒടുവിൽ കുടുംബം ആത്മഹത്യയിലേക്ക് നീങ്ങിയതെന്നുമാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ മിത്തലിൻ്റെ ബന്ധു സന്ദീപ് അഗർവാൾ അന്ത്യകർമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രവീണിന് ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ ഒരു സ്ക്രാപ്പ് ഫാക്ടറിയുണ്ടായിരുന്നു. പിന്നീടിത് നഷ്ടത്തിലായി ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ പ്രവീൺ മിത്തൽ പഞ്ച്കുള വിട്ട് ഡെറാഡൂണിലേക്ക് മാറി. ഏകദേശം ആറ് വർഷത്തോളം അദ്ദേഹം കുടുംബവുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല. ഇടയിൽ പലതവണ പഞ്ചാബിലെ ഖരാറിലേക്കും പിന്നീട് ഹരിയാനയിലെ പിൻജോറിലേക്കും താമസം മാറിയിരുന്നു മിത്തൽ.
ഏറ്റവുമൊടുവിൽ പഞ്ച്കുളയിലെ സാകേത്രി മേഖലയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഡെറാഡൂണിൽ ഒരു ആത്മീയ ചടങ്ങി പങ്കെടുത്ത് മടങ്ങും വഴിയാണ് പ്രവീൺ മിത്തലും കുടുംബവും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ഉത്തരാഖണ്ഡ് നമ്പർ പ്ലേറ്റുമായി പാർക്ക് ചെയ്തിരുന്ന ഇവരുടെ കാർ കണ്ട് സംശയം തോന്നിയ പ്രദേശവാസിയാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തും മുൻപ് തന്നെ ആളുകൾ കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പുറത്തിരുന്ന പ്രവീൺ താനിപ്പോൾ മരിക്കുമെന്ന് പറഞ്ഞിരുന്നതായും ആളുകൾ പറയുന്നു. അധികം താമസിക്കാതെ തന്നെ പ്രവീണും മരിക്കുകയായിരുന്നു.