Parliament Monsoon Session: പാർലമെന്റ് വർഷകാല സമ്മേളനം നാളെ മുതൽ; സർവകക്ഷിയോഗം ഇന്ന് രാവിലെ
Parliament Monsoon Session 2025: ആദായ നികുതി ഭേദഗതി ബില്ലടക്കം ഈ സമ്മേളനത്തിൻ്റെ പരിഗണനയിൽ വരും. അതേസമയം പഹൽഗാം ഭീകരാക്രമണം, ഇന്ത്യ-പാക് സംഘർഷത്തിലെ ട്രംപിൻ്റെ ഇടപെടൽ, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്ധമായേക്കാം.
ന്യൂഡൽഹി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനം (Parliament Monsoon Session) നാളെ മൂതൽ ആരംഭിക്കും. ഒരു മാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് സർവകക്ഷി യോഗം ചേരുന്നത്. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ തേടുമെന്ന് അധികൃതർ അറിയിച്ചു.
ആദായ നികുതി ഭേദഗതി ബില്ലടക്കം ഈ സമ്മേളനത്തിൻ്റെ പരിഗണനയിൽ വരും. അതേസമയം പഹൽഗാം ഭീകരാക്രമണം, ഇന്ത്യ-പാക് സംഘർഷത്തിലെ ട്രംപിൻ്റെ ഇടപെടൽ, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്ധമായേക്കാം.
അതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യം യോഗം ചേർന്നിരുന്നു. പാർലമെൻ്റിൽ ഉന്നിയിക്കേണ്ട വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ചർച്ച നടന്നത്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയതും അദ്ദേഹത്തെ ഇംപീച്ച് ചെയ്ത വിഷയവും പാർലമെന്റ് പരിഗണിച്ചേക്കും. ബീഹാറിലെ വോട്ടർ പട്ടിk പരിഷ്ക്കരണം റദ്ദാക്കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം മുന്നോട്ട് വരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.
ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം, രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസ് ഉന്നയിച്ചേക്കും. കൂടാതെ കർഷകരുടെ പ്രശ്നങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, രാജ്യത്തിന്റെ സുരക്ഷ, അഹമ്മദാബാദ് വിമാന അപകടം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിലെ പ്രധാന വിഷയങ്ങളാണ്.