Air India Express Flight: എസിയില്ലാതെ 5 മണിക്കൂർ ദുബായ്– ജയ്പൂർ യാത്ര; യാത്രക്കാരെ അവശരാക്കി എയർ ഇന്ത്യ എക്സ്പ്രസ്
Air India Express Flight Negligence: പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊടും ചൂടിൽ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുറപ്പെടാൻ വൈകിയ അഞ്ച് മണിക്കൂറിൽ എസിയില്ലാത്തതിനാൽ വിമാനത്തിനുള്ളിൽ അസഹനീയമായ ചൂട് സഹിക്കേണ്ടി വന്നതായാണ് പരാതി.
ന്യൂഡൽഹി: കൊടും ചൂടിൽ യാത്രക്കാരെ അവശരാക്കി എയർ ഇന്ത്യ എക്സ്പ്രസ് (Air India Express Flight). ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാണ് ദുരനുഭവം വെളിപ്പെടുത്തിയത്. അഞ്ച് മണിക്കൂറാണ് എസിയില്ലാതെ വിമാനത്തിനുള്ള ഇരിക്കേണ്ടി വന്നതെന്ന് യാത്രക്കാർ പറയുന്നു. ജൂൺ 13നാണ് സംഭവം. വിമാനത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് അഞ്ച് മണിക്കൂർ വൈകിയാണ് ദുബായിൽ നിന്ന് പുറപ്പെട്ടത്.
പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊടും ചൂടിൽ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുറപ്പെടാൻ വൈകിയ അഞ്ച് മണിക്കൂറിൽ എസിയില്ലാത്തതിനാൽ വിമാനത്തിനുള്ളിൽ അസഹനീയമായ ചൂട് സഹിക്കേണ്ടി വന്നതായാണ് പരാതി. വിമാനത്തിന് പുറത്ത് ഏകദേശം 40 ഡിഗ്രിയായിരുന്നു താപനില. വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവിൽ പുലർച്ചെ 12.45നാണ് പുറപ്പെട്ടത്.
ചൂട് കാരണം ചില പ്രായമായവർക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടും യാത്രക്കാർക്ക് ആവശ്യത്തിന് വെള്ളം പോലും നൽകാൻ അവർ കൂട്ടാക്കിയില്ലെന്നുമാണ് പരാതി ഉയരുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഈ അനാസ്ഥയ്ക്കെതിരെ എയർലൈൻ മാനേജ്‌മെൻ്റും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) മറുപടി നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ വിഷയത്തിൽ ഇതുവരെ എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം 242 യാത്രക്കാരുമായി ജനവാസ മേഖലയിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും അപകടത്തിൽ മരിച്ചിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ ഇതുവരെ 80 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ഇതിൽ 33 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.